‘നവ്യയുടെ പേര് എന്റെ മനസിൽ സ്വർണ്ണലിപികളിൽ എഴുതിയതാണ്, ഞാൻ ആഗ്രഹിച്ച സ്നേഹം ഇപ്പോൾ കിട്ടുന്നു’; ധ്യാൻ
കൊച്ചി:ധ്യാനിന്റെ സിനിമകളെക്കാൾ രസമാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളെന്നാണ് പൊതുവെ സിനിമാപ്രേമികളെല്ലാം പറയാറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ സിനിമ കാണാൻ തിയേറ്ററിലേക്ക് ഇല്ലാത്ത തള്ളിക്കയറ്റമാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ യുട്യൂബിൽ റിലീസാകുമ്പോൾ കാണാനുള്ളത്. ധ്യാനാണോ അതിഥി… ഷുവർ ഷോട്ട് ഹിറ്റായിരിക്കും അഭിമുഖമെന്നാണ് ആരാധകർ പറയാറുള്ളത്.
ധ്യാൻ കഥ പറയുമ്പോൾ ആരും അതിൽ അലിഞ്ഞ് ഇരുന്നുപോകുമെന്നും അത് തന്നെയാണ് അവൻ കഥ പറയാൻ പോകുമ്പോഴുള്ള ഏറ്റവും വലിയ പ്ലസ്സെന്നുമാണ് ചേട്ടൻ വിനീത് താരത്തെ കുറിച്ച് പറയാറുള്ളത്. അടുപ്പിച്ച് അടുപ്പിച്ച് തിരക്കഥ പോലും ശ്രദ്ധിക്കാതെ ധ്യാൻ സിനിമകൾ ചെയ്യുന്നതിനോട് ആരാധകർക്ക് ചെറിയ അമർഷമുണ്ട്.
എന്നാൽ താൻ ഒരു സമയത്ത് ഏറ്റെടുത്ത് പോയ സിനിമകളാണെന്നും ഇവയെല്ലാം തീർന്ന് കഴിയുമ്പോൾ നല്ല സിനിമകളും കഥാപാത്രങ്ങളുമായി വരുമെന്നും ധ്യാൻ തന്റെ ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ധ്യാൻ ചെറുപ്പം മുതൽ ഇന്റർവ്യൂ കിങാണെന്ന് അടിവരയിട്ട് തെളിയിക്കുന്ന തരത്തിലായിരുന്നു കുറച്ച് മാസം മുമ്പ് കൈരളി റിലീസ് ചെയ്ത ശ്രീനിവാസന്റേയും കുടുംബത്തിന്റേയും വളരെ വർഷങ്ങൾ പഴക്കമുള്ള ഇന്റർവ്യു. ഇന്നുള്ളത് പോലെ തന്നെ സത്യസന്ധതയോടെ സംസാരിക്കുന്ന ധ്യാനായിരുന്നു വർഷങ്ങൾ പഴക്കമുള്ള അഭിമുഖത്തിലും ഉണ്ടായിരുന്നത്.
ഇപ്പോഴിത മൈൽസ്റ്റോൺ മേക്കേഴ്സെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ചെയ്യുന്ന സിനിമകളെ കുറിച്ചും മറ്റും ധ്യാൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിഷു കൈനീട്ടം വാങ്ങാൻ നടി നവ്യാ നായർ വന്നാൽ എന്ത് കൊടുക്കുമെന്നാണ് അവതാരക ധ്യാനിനോട് ചോദിച്ചത്.
ഒരു ഫൺ ടാസ്ക്കിന്റെ ഭാഗമായിരുന്നു ചോദ്യം. അടുത്തിടെ പൊങ്ങി വന്ന വർഷങ്ങൾ പഴക്കമുള്ള അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട നടി നവ്യ നായരാണെന്നും അവരോട് ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാൽ വെള്ളിത്തിര സിനിമയിൽ പൃഥ്വിരാജിനൊപ്പമുള്ള പാട്ട് സീൻ കണ്ടപ്പോൾ ഇഷ്ടം പോയിയെന്നുമാണ് ധ്യാൻ പറഞ്ഞത്.
അതിന് ശേഷം ധ്യാൻ ഏത് അഭിമുഖത്തിന് പോയാലും നവ്യയുമായി ബന്ധപ്പെട്ട കുസൃതി ചോദ്യങ്ങൾ ധ്യാനിന് നേരിടേണ്ടി വരാറുണ്ട്. ഇത്രയും നേരം ആണുങ്ങൾക്കല്ലേ വിഷു കൈനീട്ടം കൊടുത്തുകൊണ്ടിരുന്നത് പെട്ടന്ന് എവിടുന്നാ നവ്യ കയറി വന്നത് എന്നാണ് ധ്യാൻ ചോദ്യത്തിന് മറുപടിയായി ആദ്യം പറഞ്ഞത്. ശേഷം രസകരമായി എന്തെങ്കിലും പറയുവെന്ന് ആവശ്യപ്പെട്ടപ്പോൾ കുറച്ച് ഗോൾഡ് കോയിൻ കൊടുക്കുമെന്നാണ് ധ്യാൻ പറയുന്നത്.
എത്രയെണ്ണം കൊടുക്കുമെന്ന് ചോദിച്ചപ്പോൾ നവ്യ ചോദിക്കുന്ന അത്രയും കൊടുക്കുമെന്നാണ് ധ്യാൻ പറയുന്നത്. അതിനുള്ള കാരണവും ധ്യാൻ പറഞ്ഞു…. തന്റെ മനസിൽ അത്രയും സ്വർണലിപികളിൽ എഴുതപ്പെട്ട പേരാണ് നവ്യയെന്നും ധ്യാൻ തമാശ കലർത്തി പറഞ്ഞു.
ശേഷം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എന്ത് വിഷു കൈനീട്ടം കൊടുക്കുമെന്ന് ചോദിച്ചപ്പോൾ ഷൈൻ ടോം ആണേൽ സാധനം എത്തിച്ച് കൊടുത്താൻ മതിയെന്നാണ് ധ്യാൻ പറയുന്നത്. മാത്രമല്ല കുറച്ച് ദിവസം ഒരുമിച്ച് ദുബായിൽ ഷൈനിനൊപ്പം ചിലവഴിച്ചതിനെ കുറിച്ചും ധ്യാൻ വെളിപ്പെടുത്തി. താൻ എന്തുകൊണ്ടാണ് നിരന്തരമായി സിനിമകൾ ചെയ്യുന്നതെന്നും അഭിമുഖത്തിനിടെ ധ്യാൻ പറഞ്ഞു.
‘അടുത്തിടെ ഞാനും കുടുംബവും ഇറ്റലിയിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. എവിടെ ചെന്നാലും ഏതെങ്കിലും ഒരു മലയാളി വന്ന് സംസാരിക്കും. അത്തരത്തിൽ അവിടെ വെച്ച് ഒരാൾ എന്നോട് പറഞ്ഞു അദ്ദേഹം എന്റെ ഫാനാണെന്ന്…. പെട്ടന്ന് ഞാൻ ഞെട്ടി… അപ്പോൾ അദ്ദേഹം വ്യക്തമാക്കി പറഞ്ഞു ഇന്റർവ്യു കണ്ട് ഫാനായതാണെന്ന്. എന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.’
‘ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരു നല്ല മനുഷ്യനെന്ന രീതിയിൽ ആളുകൾ എന്നെ ഇഷ്ടപ്പെടണമെന്നത്. ആ ഇഷ്ടം ഇപ്പോൾ എനിക്ക് ആവശ്യത്തിൽ അധികം കിട്ടുന്നുണ്ട്. എന്നെ ഇങ്ങനെ ഇഷ്ടപ്പെടരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇപ്പോഴുള്ള എന്റെ സമയം നിങ്ങൾ ക്ഷമിക്കണം… കുറച്ച് കൂറ പടം ചെയ്ത് ഞാൻ ജീവിച്ചോട്ടെ… കുറച്ച് കാലം കഴിയുമ്പോൾ ഇതൊക്കെ ഞാൻ നിർത്തിക്കോളാം…. ഞാൻ നന്നായിക്കോളം’ ധ്യാൻ പറഞ്ഞു.