‘അത്രയും നേരം വേദനയുണ്ടായിട്ടും വരാത്ത കുഞ്ഞ് ഞാൻ കാലെടുത്തുവെച്ചതും പുറത്തുവന്നു; അന്ന് എന്റെ ജീവിതം മാറി!’
കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ധ്യാൻ ശ്രീനിവാസൻ. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നാടനിപ്പോൾ. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ധ്യാൻ ഇരുവരെയും പോലെ അഭിനയത്തിന് പുറമെ സംവിധാനമടക്കമുള്ള മേഖലകളിൽ തിളങ്ങിയിട്ടുണ്ട്. എന്നാൽ സിനിമയേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ താരമായി മാറിയത്. എല്ലാം തുറന്ന് സംസാരിക്കാറുള്ള ധ്യാനിന്റെ അഭിമുഖങ്ങൾക്ക് മാത്രം പ്രത്യേക ഫാൻ ബേസ് ഉണ്ട്.
തന്റെയും അച്ഛന്റെയും അമ്മയുടെയും ഒക്കെ ഓരോ കഥകളാണ് ധ്യാൻ പലപ്പോഴും പങ്കുവയ്ക്കാറുള്ളത്. തന്റെ പഴയ കാല ജീവിതത്തിൽ നിന്നും ധ്യാനിന് പറയാൻ ഏറെ കഥകൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, വിഷു ദിനത്തിൽ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിലും ചില രസകരമായ കഥകൾ പങ്കുവച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഭാര്യയുടെ പ്രസവ സമയത്ത് കൂട്ടുകാർക്കൊപ്പം കമ്പനിയടിച്ചു നിന്നതും ആശുപത്രിയിൽ എത്തിയപ്പോൾ സംഭവിച്ചതിനെ കുറിച്ചുമാണ് ധ്യാൻ പറഞ്ഞത്.
‘എന്റെ കൂട്ടുകാരൻ ബാംഗ്ലൂരിൽ നിന്ന് വന്നിട്ട് ഞങ്ങൾ അങ്ങനെ കമ്പനിയടിച്ചിരിക്കുന്ന സമയത്താണ് അവൾക്ക് പ്രഗ്നൻസി പെയിൻ വന്നെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. ആ സമയത്ത് നട്ടെല്ലിന് ഒരു ഇൻഞ്ചക്ഷൻ എടുക്കണം. അതിന് ഭർത്താവിന്റെ ഒപ്പ് വേണം. അവൾ അതിന് വേണ്ടി എന്നെ രണ്ട് വട്ടം വിളിച്ചു. ഞാൻ കൂട്ടുകാരെ കൂടെ നിൽക്കുന്നതുകൊണ്ട് എടുത്തില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോൾ എടുത്തു. താൻ എവിടെ പോയി കിടക്കുകയാണെന്ന് അവൾ എന്നോട് ചോദിച്ചു,’
‘കൂട്ടുകാർ എന്നെ കാണാൻ വന്നേക്കുന്നതല്ലേ ഒരു മര്യാദയില്ലെയെന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഞാൻ ഇവിടെ തന്റെ കൊച്ചിനെ കൊണ്ട് ഇരിക്കുയല്ലേയെന്ന് അവൾ ചോദിച്ചു. അവസാനം ഞാൻ വരാമെന്ന് പറഞ്ഞു. സംഭവം എനിക്ക് അതിന്റെ സീരിയസ്നസ് മനസിലായില്ല. അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ല. അതിനിടെ ഈ സുഹൃത്തുക്കൾ കാര്യം ചോദിച്ചു. അവർ ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു. അടിച്ചിട്ട് ഒക്കെ നിൽക്കുകയാണ്, വേണ്ടെന്ന് പറഞ്ഞ് ഞാൻ അവസാനം അങ്ങോട്ടേക്ക് പോയി,’
‘ഞാൻ ഹോസ്പിറ്റലിൽ എത്തിയതും ഡെലിവറി നടന്നു. കുഞ്ഞിനെ കൊണ്ട് വന്ന് എന്റെ കൈയിൽ തന്നു. ടൈമിങ് എന്നൊക്കെ പറഞ്ഞാൽ അതാണ് ടൈമിങ്. അത്രയും നേരം വേദനയുണ്ടായിട്ടും വരാത്ത കുഞ്ഞ് ഞാൻ എത്തിയപ്പോഴാണ് പുറത്തു വന്നത്. അതാണ് ഐശ്വര്യമെന്ന് ഞാൻ ഡോക്ടറോടും പറഞ്ഞു. അവർ പുഷ് പുഷ് എന്നൊക്കെ പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ഞാൻ കാലെടുത്ത് വെച്ചതും കുഞ്ഞ് വന്നു. അന്ന് എന്റെ ജീവിതവും മാറി,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
കുടുംബജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് അവളെ ഇഷ്ടമാണ്, അവൾക്ക് എന്നെയും ഇഷ്ടമാണ്. അതുണ്ടായാൽ മതി. കല്യാണം കഴിക്കുമ്പോൾ പരസ്പരം മനസിലാക്കണം, കെയറിങ്ങായിരിക്കണം എന്നൊക്കെ നമ്മൾ പറയാറുണ്ട്. ഇഷ്ടം ഉണ്ടെങ്കിൽ ഇതെല്ലാം താനെ ഉണ്ടായിക്കോളും. എനിക്ക് അവളെ ഒരിക്കലും മടുക്കില്ലെന്നാണ് ധ്യാൻ പറഞ്ഞത്.
അവളെ ആശ്രയിച്ചാണ് ഞാൻ ജീവിക്കുന്നത്. അവളില്ലാതെ എനിക്ക് പറ്റില്ല. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് തൊട്ട് വൈകുന്നേരം സിനിമ കാണുന്നതുവരെ അവൾ കൂടെ വേണം. എന്റെ നല്ല സുഹൃത്താണ് അവൾ. ഭാര്യ, ഭർത്താവ് എന്നതിനപ്പുറം ഒരു സൗഹൃദമുണ്ടായിരിക്കണം. മാരേജിൽ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു.