റോം:യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റലി തകർത്തത്.
ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിട്ടില്ല.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 53-ാം മിനിറ്റിലെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റിൽ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. 79-ാം മിനിറ്റിൽ തുർക്കി ഗോൾകീപ്പർ കാകിറിന്റെ പിഴവിൽ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോൾ.
53-ാം മിനിറ്റിൽ ഡൊമെനിക്കോ ബെറാർഡിയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ബെറാർഡിയുടെ ക്രോസ് തുർക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. 66-ാം മിനിറ്റിൽ ഇറ്റലി മുന്നേറ്റത്തിനൊടുവിൽ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് വന്നത് ഇമ്മൊബിലെയ്ക്ക് മുന്നിൽ. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.
79-ാം മിനിറ്റിൽ ഗോൾകീപ്പർ കാകിറിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളിൽ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറൻസോ ഇൻസിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളുമായി ഇറ്റലി കളംനിറഞ്ഞു. പന്തിൻമേലുളള ആധിപത്യവും അവർക്കായിരുന്നു. മുന്നേറ്റത്തിൽ ലോറൻസോ ഇൻസിനെ, സിറോ ഇമ്മൊബിലെ, ഡൊമെനിക്കോ ബെറാർഡി സഖ്യം തുർക്കി പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ചുകൊണ്ടിരുന്നു.
18-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷേ ലോറൻസോ ഇൻസിനെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റിൽ ഗോൾകീപ്പർ കാകിർ തുർക്കിയുടെ രക്ഷയ്ക്കെത്തി. കോർണറിൽ നിന്ന് ജോർജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡർ അദ്ദേഹം രക്ഷപ്പെടുത്തി.
35-ാം മിനിറ്റിൽ തുർക്കിക്കും അവസരം ലഭിച്ചു. ബുറാക് യിൽമാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞു. ഇതിനിടെ 21-ാം മിനിറ്റിലും ആദ്യ പകുതിക്ക് തൊട്ടുമുമ്പും തുർക്കി താരങ്ങൾക്കെതിരായ ഹാൻഡ് ബോൾ അപ്പീലുകൾ റഫറി നിഷേധിച്ചു.
ഇറ്റലി പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ തുർക്കിക്ക് സാധിച്ചില്ല. മികച്ച മുന്നേറ്റങ്ങൾ ഒരുക്കുന്നതിലും അവർ പരാജയപ്പെട്ടു. മധ്യനിര പരാജയപ്പെട്ടതോടെ ബുറാക് യിൽമസിന് പന്ത് ലഭിക്കാതെയും വന്നു.
🇹🇷 Fancy footwork by Hakan Çalhanoğlu & Kenan Karaman 🔥#EUROSkills | @HisenseSports | #EURO2020 pic.twitter.com/GdKUgWJTX2
— UEFA EURO 2024 (@EURO2024) June 11, 2021