വന്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ഇസ്രായേല്‍; സൈനികരെ തിരിച്ചുവിളിച്ചു. അമേരിക്ക മുങ്ങിക്കപ്പല്‍ അയച്ചു
ടെല്‍ അവീവ്: ഇറാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ചിരിക്കുകയാണ് ഇസ്രായേല്‍. യുദ്ധ ഭീതി കനത്തിരികെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക മുങ്ങിക്കപ്പല്‍ അയച്ചു. ഇസ്രായേലിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിരവധി വിമാന കമ്പനികള്‍ നിര്‍ത്തിവച്ചു.
ദിവസങ്ങള്‍ക്കകം ഇറാന്‍ ആക്രമണം നടത്തുമെന്നാണ് പ്രചാരണങ്ങള്‍. ഇറാന്റെ ഭാഗത്തു നിന്നുള്ള ആക്രമണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. ആക്രമണം ഉറപ്പാണ് എന്ന് ഇറാനും ലബ്‌നാനും വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അമേരിക്ക യുദ്ധക്കപ്പല്‍ അയച്ചത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമ മേഖല അനുവദില്ലെന്ന് ഇറാഖിലെ ഷിയാ സംഘടനകള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി.
അസര്‍ബൈജാനിലേക്കും ജോര്‍ജിയയിലേക്കും അവധി ആഘോഷത്തിന്റെ ഭാഗമായി പോയിട്ടുള്ള സൈനികരെയാണ് ഇസ്രായേല്‍ മടക്കി വിളിച്ചിരിക്കുന്നത്. അവധികള്‍ വെട്ടിക്കുറച്ച് നാട്ടിലെത്താനാണ് നിര്‍ദേശമെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ അയല്‍രാജ്യങ്ങളാണ് അസര്‍ബൈജാനും ജോര്‍ജിയയും. ഇറാനുമായി ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് അസര്‍ബൈജാന്‍. ഇവിടെയുള്ള ഇസ്രായേല്‍ സൈനികരെ ഇറാന്‍ ലക്ഷ്യമിടുന്നു എന്ന സൂചനയുമുണ്ട്.
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാന്റെ തലസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ഇതേ വേളയില്‍ തന്നെയാണ് ലബ്‌നാനിലെ ഹിസുബുല്ലയുടെ കമാന്റര്‍ ഫുവാദ് ശുകര്‍ കൊല്ലപ്പെട്ടതും. രണ്ടിനും പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഹിസ്ബുല്ലയും വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് ഇസ്രായേലിന്റെ മുന്നൊരുക്കം. ശക്തമായ ആക്രമണത്തിനാണ് ഇസ്രായേല്‍ തയ്യാറെടുക്കുന്നത്.
ഇസ്രായേലിന് എന്തു സഹായവും ചെയ്യുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ വിശ്വാസികളുള്ള രണ്ടാമത്തെ രാജ്യമാണ് അസര്‍ബൈജാന്‍. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍ പക്ഷേ, ഇസ്രായേലുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇസ്രായേല്‍ പൗരന്മാര്‍ ഇവിടെ അവധി ആഘോഷത്തിന് എത്തുക പതിവാണ്.
ഇറാന്‍ നേരിട്ട് ആക്രമിക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ ഷിയാ സായുധ സംഘങ്ങളെ ഉപയോഗിക്കുകയാകും ചെയ്യുക എന്ന് പറയപ്പെടുന്നു. ഹനിയ്യ ഇറാനിലെ അതീവ സുരക്ഷിതമെന്ന് കരുതുന്ന സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത് ഇറാന്റെ ദുര്‍ബലതയാണ് സൂചിപ്പിക്കുന്നത്. ഈ വേളയില്‍ കരുത്ത് ബോധിപ്പിക്കുക എന്ന ലക്ഷ്യവും ഇറാനുണ്ട്.
ഇറാഖ്, സിറിയ, ലബ്‌നാന്‍, യമന്‍, ഗാസ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം ഇസ്രായേലിന് നേരെയുള്ള ആക്രമണത്തിന് സാധ്യതയുണ്ട് എന്നും വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സൈന്യത്തെയും വെടിക്കോപ്പുകളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുന്നത്. ഇറാന്‍ ഏത് രീതിയിലാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.