പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്;രാഹുൽ ഡൽഹിയിൽ പിടിയിൽ, കേരള പൊലീസിന്റെ നിർദേശ പ്രകാരം വിട്ടയച്ചു
ന്യൂഡൽഹി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ തടഞ്ഞ് വെച്ച ശേഷം ദ പൊലീസിന് കൈമാറിയത്. കേരള പൊലീസിന്റെ നിർദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജർമനിയിൽ ഒളിവിലായിരുന്ന രാഹുൽ കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട രാഹുലിനെതിരെ കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പറവൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ അതിക്രൂമായി മർദിച്ചെന്നാണ് കേസ്.
അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്നു നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് തുറന്നു പറച്ചിലുകൾ നടത്തിയ യുവതി പിന്നീട് നാടകീയമായി സമൂഹമാധ്യമത്തിലൂടെ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞതോടെ ഈ കേസ് പൊതുസമൂഹത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു. സ്വന്തം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ആദ്യം ഭർത്താവിനെതിരെ മൊഴി നൽകിയിരുന്നതെന്നാണ് യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
രാഹുലിന്‍റെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസുകാരൻ എന്നിവരാണ് മറ്റ് പ്രതികൾ. ഭർത്താവിന്റെ ഭീഷണിയും സമ്മർദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമർപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതി എന്തു പറഞ്ഞു എന്നതല്ല പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയാണ് സുപ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.