ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ കേരള മോഡലിന് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടൻ ആസ്ഥാനമായ പ്രോസ്പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരിൽ കെകെ ശൈലജ ഒന്നാമതെത്തി. കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികളും ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിരുന്നു.
കോവിഡ് വൈറസ് ആദ്യം ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ ആരംഭിക്കുകയും വൈറസ് വ്യാപനം സംസ്ഥാനത്ത് വലിയ രീതിയിൽ ബാധിക്കുമെന്ന് കണ്ടെത്തി പ്രതിരോധ സംവിധാനങ്ങൾ സജ്ജാമക്കിയതുൾപ്പടെയുള്ള പ്രവർത്തനങ്ങളാണ് ടീച്ചറെ അംഗീകരത്തിന് അർഹയാക്കിയത്. നിപാ കാലത്തെ പ്രവർത്തനങ്ങളും റിപ്പോർട്ടിൽ പ്രതിബാധിച്ചിട്ടുണ്ട്.
ഇരുപതിനായിരം പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം എന്നിവരും അവസാന 50ൽ ഇടംപിടിച്ചു.