ചിറ്റാർ: ഒരു മാസത്തിലേറെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷം, ഒടുവിൽ മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ച് കുടുംബം. ജൂലൈ 28-ന് വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റ്‍മോർട്ടം ചെയ്യാൻ സിബിഐ തീരുമാനിച്ചതോടെ, ശനിയാഴ്ച സംസ്കാരച്ചടങ്ങുകൾ നടത്താൻ കുടുംബം തീരുമാനിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിലാണ് മത്തായിയുടെ റീ പോസ്റ്റ‍്‍മോർട്ടം നടക്കുക. കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിർദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്. സിബിഐ നിർദേശിച്ച മൂന്ന് ഫൊറൻസിക് സർജൻമാരാണ് പോസ്റ്റ്മോർട്ടം ചെയ്യുക. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്യും. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ആദ്യപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും, ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയത്. സർക്കാരും അനുകൂല നിലപാടെടുത്തതോടെ പത്തനംതിട്ട ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണച്ചുമതല സിബിഐ ഏറ്റെടുക്കുകയായിരുന്നു.
മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ മത്തായിയുടെ മൃതദേഹം വീണ്ടും ഇൻക്വസ്റ്റ് നടത്തും. എക്സൈസ് വകുപ്പിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടും സിബിഐക്ക് കൈമാറും.
വരും ദിവസങ്ങളിൽ സിബിഐ അന്വേഷണ സംഘം ചിറ്റാറിലെത്തി തെളിവെടുപ്പ് നടത്തും. മത്തായിയുടെ ഭാര്യ ഷീബയുടെയും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥരുടേയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ആരോപണവിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതിൽ ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു പി പി മത്തായി. മത്തായിയുടെ സംസ്കാരം നടത്തുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കുടുംബവുമായി ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഓർത്തഡോക്സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവമാണ്. 2015-ൽ ഗോവയിലെ പരിസ്ഥിതി പ്രവർത്തകൻ ബിസ്മോർക്ക് ഡയസിന്‍റെ മൃതദേഹം മൂന്ന് വർഷം സംസ്കരിക്കാതെ കുടുംബം പ്രതിഷേധിച്ചതാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ഉണ്ടായ സമാന സംഭവം.