32.8 C
Kottayam
Thursday, April 18, 2024

ബഹിരാകാശ രംഗത്ത് പുതുചരിത്രം,ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

Must read

ചെന്നൈ: ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് നിര്‍മിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്.

ഐ.എസ്.ആര്‍.ഒ.യുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു വിക്ഷേപണം.നവംബര്‍ 12-നും 16-നും ഇടയില്‍ വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതി. കനത്തമഴ കാരണമാണ് വിക്ഷേപണം മാറ്റിവെച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി 2018ല്‍ സ്ഥാപിതമായ സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ റോക്കറ്റ് വിക്ഷേപണം യാഥാര്‍ഥ്യമായതോടെ ബഹിരാകാശ ഗവേഷണരംഗത്തെ സ്വകാര്യപങ്കാളിത്തം ഇന്ത്യയിലും യാഥാര്‍ഥ്യമായി. ഐ.എസ്.ആര്‍.ഒ.യുമായുള്ള കരാറിന്റെയടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്.ഇതിന് ഐ.എസ്.ആര്‍.ഒ. ചെറിയ ഫീസു മാത്രമാണ് ഈടാക്കുന്നതെന്ന് പവന്‍കുമാര്‍ ചന്ദന പറഞ്ഞു.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് സ്‌കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത്. 290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് വിക്രം-1 റോക്കറ്റ്. അതിന്റെ പ്രാരംഭരൂപമാണ് വിക്ഷേപണത്തിന് സജ്ജമായ വിക്രം-എസ്. ഒറ്റ ഘട്ടം മാത്രമുള്ള റോക്കറ്റിന്റെ വിക്ഷേപണ ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേരിട്ടിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള സ്‌പേസ് കിഡ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ നിര്‍മിച്ച ചെറു ഉപഗ്രഹമാണ് സ്‌കൈറൂട്ട് വിക്ഷേപിക്കുന്ന പേടകങ്ങളില്‍ ഒന്ന്. ഇന്ത്യ, യു.എസ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ രണ്ടര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായതായി സ്‌പേസ് കിഡ്സ് ഇന്ത്യ സി.ഇ.ഒ. ശ്രീമതി കേശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week