CricketNewsSports

ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 270 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. 47 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മിക്ക ബാറ്റര്‍മാരും രണ്ടക്കം കണ്ടതോടെ ഓസീസ് മികച്ച സ്‌കോറിലെത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും കാമറൂൺ ഗ്രീനും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ ഇരുവരും അനായാസം നേരിട്ടു. ആദ്യ പത്തോവറിൽ 61 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആദ്യ സ്പെൽ ചെയ്ത മുഹമ്മദ് ഷമിയ്ക്കും മുഹമ്മദ് സിറാജിനും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. എന്നാൽ 11-ാം ഓവർ ചെയ്യാനെത്തിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു.

11-ാം ഓവറിലെ അഞ്ചാം പന്തിൽ ഹെഡിനെ മടക്കി ഹാർദിക് ഓസീസിന്റെ ആദ്യ വിക്കറ്റെടുത്തു. 31 പന്തിൽ നിന്ന് 33 റൺസെടുത്ത ഹെഡ് കുൽദീപ് യാദവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അതേ ഓവറിൽ ഹെഡിനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ശുഭ്മാൻ ഗിൽ പാഴാക്കിയിരുന്നു. മിച്ചൽ മാർഷിനൊപ്പം ആദ്യ വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഹെഡ് ക്രീസ് വിട്ടത്. എന്നാൽ ഹെഡിന് പകരം വന്ന സ്റ്റീവ് സമിത്തിന് പിടിച്ചുനിൽക്കാനായില്ല. അക്കൗണ്ട് തുറക്കുംമുൻപ് സ്മിത്തിനെ ഹാർദിക് മടക്കി. മൂന്ന് പന്ത് മാത്രം നേരിട്ട സ്മിത്തിനെ ഹാർദിക് വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയ്യിലെത്തിച്ചു.

സ്മിത്തിന് പകരം ഡേവിഡ് വാർണർ ക്രീസിലെത്തി. വാർണറെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് ഓസീസിനെ നയിച്ചെങ്കിലും ഹാർദിക് വീണ്ടും കൊടുങ്കാറ്റായി മാറി. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരുന്ന മിച്ചൽ മാർഷിന്റെ വിക്കറ്റ് പിഴുത് ഹാർദിക് ഓസീസിന് കനത്ത തിരിച്ചടി സമ്മാനിച്ചു. 47 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത മാർഷിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. ഇതോടെ ഓസീസ് 85 ന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

പിന്നീട് ക്രീസിലൊന്നിച്ച വാർണറും മാർനസ് ലബൂഷെയ്നും ചേർന്ന് ശ്രദ്ധയോടെ ബാറ്റുവീശി. 20-ാം ഓവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടും അധികനേരം നീണ്ടുനിന്നില്ല. ഡേവിഡ് വാർണറെ മടക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 23 റൺസെടുത്ത വാർണർ കുൽദീപിന്റെ പന്തിൽ സിക്സടിക്കാൻ നോക്കിയെങ്കിലും ആ ശ്രമം ഹാർദിക്കിന്റെ കൈയ്യിലൊതുങ്ങി. വാർണർക്ക് പകരം അലക്സ് ക്യാരിയാണ് ക്രീസിലെത്തിയത്. വാർണർക്ക് പിന്നാലെ ലബൂഷെയ്നിനെയും മടക്കി കുൽദീപ് തകർപ്പൻ പ്രകടനം പുറത്തെടുത്തു.

45 പന്തിൽ 28 റൺസെടുത്ത ലബൂഷെയ്ൻ വാർണറെപ്പോലെ സിക്സടിക്കാൻ ശ്രമിച്ചാണ് പുറത്തായത്. കുൽദീപിന്റെ പന്തിൽ ലബൂഷെയ്ൻ ഉയർത്തിയടിച്ച പന്ത് ശുഭ്മാൻ ഗിൽ കൈയ്യിലൊതുക്കി. ഇതോടെ ഓസീസ് 138 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ലബൂഷെയ്നിന് പകരം വന്ന മാർക്കസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് ക്യാരി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും അർധസെ‍ഞ്ചുറി കൂട്ടുകെട്ടുയർത്തി ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ടീം സ്കോർ 196-ൽ നിൽക്കേ സ്റ്റോയിനിസിനെ മടക്കി അക്ഷർ പട്ടേൽ ഓസീസിന് തിരിച്ചടി സമ്മാനിച്ചു.

അക്ഷറിനെ ആക്രമിക്കാൻ ശ്രമിച്ച സ്റ്റോയിനിസ് ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി. 26 പന്തിൽ 25 റൺസാണ് താരം നേടിയത്. ക്യാരിയ്ക്കൊപ്പം 58 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് സ്റ്റോയിനിസ് ക്രീസ് വിട്ടത്. സ്റ്റോയിനിസിന് പിന്നാലെ ക്യാരിയും മടങ്ങി. 46 പന്തിൽ നിന്ന് 38 റൺസെടുത്ത ക്യാരിയെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ഓസീസ് 203 ന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

എട്ടാം വിക്കറ്റിൽ ഒന്നിച്ച സീൻ അബോട്ടും ആഷ്ടൻ ആഗറും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസീസ് സ്കോർ ചലിച്ചുതുടങ്ങി. ഇരുവരും ടീം സ്കോര്‍ 240 കടത്തി. എന്നാൽ അബോട്ടിനെ മടക്കി അക്ഷറും ആഗറെ മടക്കി സിറാജും തിരിച്ചടിച്ചു. അബോട്ട് 26 റൺസും ആഗർ 17 റൺസും നേടി പുറത്തായി. ഇതോടെ ഓസ്ട്രേലിയ 247 ന് ഒൻപത് വിക്കറ്റ് എന്ന നിലയിലായി. 46.2 ഓവറിൽ ഓസ്ട്രേലിയ 250 കടന്നു. വാലറ്റത്ത് സ്റ്റാർക്കും സാംപയും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിച്ചു. അവസാന വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ വിയർത്തു. ഒടുവിൽ 49-ാം ഓവറിലെ അവസാന പന്തിൽ സ്റ്റാർക്കിനെ ജഡേജയുടെ കൈയ്യിലെത്തിച്ച് സിറാജ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. 10 റൺസാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. സാംപ 10 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker