25.4 C
Kottayam
Thursday, April 25, 2024

ഇന്ത്യ കണ്ണുരുട്ടി, ശ്രീലങ്കയുടെ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ ചൈനീസ് ചാരക്കപ്പലിന് കഴിയില്ല

Must read

കൊളംബോ : ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞ് ശ്രീലങ്ക. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈനയുടെ അത്യാധുനിക ചാരക്കപ്പൽ യുവാൻ വാങ് 5 തീരുമാനിച്ചത്. എന്നാൽ കപ്പൽ ശ്രീലങ്കൻ തീരം അണയുന്നത് ദക്ഷിണ ഇന്ത്യയ്ക്ക് വൻ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഉപഗ്രഹങ്ങളിലെയുൾപ്പടെയുള്ള സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ് 5. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ ഇന്ത്യയുടെ ആണവനിലയമടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലെ വിവരങ്ങൾ ചോരുമെന്ന് ആശങ്കയുണ്ടായിരുന്നു.

2007ൽ നിർമ്മിച്ച ചൈനീസ് സ്‌പേസ് സാറ്റലൈറ്റ് ട്രാക്കർ കപ്പൽ ഇന്ധനം നിറയ്ക്കുന്നതിനായി ഏഴ് ദിവസത്തോളം ശ്രീലങ്കൻ തീരത്ത് നങ്കൂരം ഇടും എന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടൻ രാജ്യം മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ശ്രീലങ്കയ്ക്ക് മേൽ ഇന്ത്യ കടുത്ത സമ്മർദം ചെലുത്തിയതായും സൂചനയുണ്ട്. ഇതേതുടർന്നാണ് ചൈനീസ് അധികൃതരുമായി ലങ്കൻ അധികൃതർ ബന്ധപ്പെട്ട് കപ്പലിന്റെ വരവ് തടഞ്ഞത്.

ഹമ്പൻടോട്ട തുറമുഖത്തിന്റെ കടിഞ്ഞാൺ ചൈന ഏറ്റെടുത്തതോടെ കടുത്ത സുരക്ഷാ ഭീഷണിയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. അതിനാൽ തന്നെ തുറമുഖത്തെ എല്ലാ സ്പന്ദനങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ചൈനയിൽ നിന്നും കടം വാങ്ങി നിർമ്മിച്ച തുറമുഖം, വായ്പ മുടങ്ങിയതോടെയാണ് ശ്രീലങ്കയിൽ നിന്നും ചൈന ഏറ്റെടുത്തത്.

ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് അയൽരാജ്യമായ ഇന്ത്യയാണ്. ഇതാണ് ഓഗസ്റ്റ് 11 ന് എത്തുമെന്ന് കരുതിയ ചൈനീസ് ചാരക്കപ്പലിന്റെ വരവ് തടയാൻ ശ്രീലങ്ക ശ്രമിക്കുന്നത്. ഇന്ത്യയെ ഇപ്പോഴത്തെ അവസരത്തിൽ പിണക്കാൻ ലങ്ക താത്പര്യപ്പെടുന്നില്ലെന്നതാണ് കാരണം.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സാണ് യുവാൻ വാങ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചാരക്കപ്പൽ യുവാൻ വാങ് 5ന് വാർത്താ പ്രാധാന്യം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week