ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിര്‍ണായക മത്സരത്തില്‍ വിരാട് കോലി (59 പന്തില്‍ 76) ഫോം കണ്ടെത്തിയപ്പോള്‍ ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. അക്‌സര്‍ പട്ടേല്‍ (31 പന്തില്‍ 47) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ശിവം ദുബെ (16 പന്തില്‍ 27) സ്‌കോര്‍ 170 കടത്താന്‍ സഹായിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 12 റണ്‍സിനുള്ളില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി.4 റണ്‍സ് മാത്രമെടുത്ത ഹെന്‍ഡ്രിക്ക്‌സിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ മര്‍ക്രത്തെ അര്‍ഷദീപിന്റെ പന്തില്‍ കീപ്പര്‍ ഋഷഭ് പന്ത് പിടിച്ച് പുറത്താക്കി.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മാര്‍കോ ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് നേടികൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (9) ആദ്യം മടങ്ങുന്നത്. മഹാരാജിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ഹെന്റിച്ച് ക്ലാസന്റെ കയ്യിലൊതുങ്ങി. നേരിട്ട രണ്ടാമത്തെ പന്തില്‍ പന്തും മടങ്ങി. മഹാരാജിന്റെ ഫുള്‍ടോസ് ബാറ്റി തട്ടി പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് അനായാസമായി കയ്യിലൊതുക്കി. നാല് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ റബാദയും, ക്ലാസന്റെ കൈകളിലെത്തിച്ചു. ഇതോടെ മൂന്നിന് 34 എന്ന നിലയിലായി ഇന്ത്യ.
പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. സ്ഥാനക്കയറ്റം നേടിയെത്തിയ അക്‌സര്‍ പട്ടേല്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കോലിക്കൊപ്പം ചേര്‍ന്ന അക്‌സര്‍ 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ അക്‌സര്‍ റണ്ണൗട്ടായി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അക്‌സറിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ മടങ്ങിയെങ്കിലും ദുബെ, കോലിക്ക് നിര്‍ണാക പിന്തുണ നല്‍കി. ഇരുവരും 57 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറില്‍ കോലി ജാന്‍സന് വിക്കറ്റ് നല്‍കി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ദുബെ, രവീന്ദ്ര ജഡേജ (2) എന്നിവര്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍്‌ജെ, തബ്രൈസ് ഷംസി.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.