സതാംപ്ടണ്‍: ഇന്ത്യ- ഇംഗ്ലണ്ട് (ENGvIND) ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. സതാംപ്ടണില്‍ രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ ശ്രമിക്കുക. തോല്‍വിയോടെ പരമ്പരയും ഇന്ത്യ കൈവിട്ടിരുന്നു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ജയിച്ച ആവേശത്തിലാണ് ഇംഗ്ലണ്ട്. ടി20യിലേക്കെത്തുമ്പോള്‍ കൊവിഡ് മുക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.
രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ (Ishan Kishan) ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലെത്താന്‍ സാധ്യതയില്ല. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരായിരിക്കും പിന്നാലെയെത്തുക. ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പ്. അവസാന സ്ഥാനത്തിനായി ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും തമ്മിലായിരിക്കും മത്സരം.
മറുവശത്ത് ഇംഗ്ലണ്ടിന്റെ നായകനായി ജോസ് ബട്‌ലര്‍ (Jos Buttler) അരങ്ങേറ്റം കുറിക്കുകയാണ്. അവസാന ടെസ്റ്റില്‍ കളിച്ച ടീമിലെ ആരും ഇംഗ്ലണ്ട് നിരയിലില്ല. എങ്കിലും ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, മോയീന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവര്‍ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്നുറപ്പ്. അവസാന ഏഴ് കളിയില്‍ സതാംപ്ടണിലെ ഉയര്‍ന്ന സ്‌കോര്‍ 165 റണ്‍സ്. അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റുചെയ്ത ടീം.
ഡെര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തില്‍ സഞ്ജു 39 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നോര്‍താംപ്റ്റണ്‍ഷെയറിനെതിരെ ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരെ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ടി20 കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയും താരം സ്വന്തം പേരിലാക്കി. ത്രിപാഠിയാണ് പ്ലേയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. എന്നാല്‍ ത്രിപാഠിയേയും പരിഗണിക്കാന്‍ സാധ്യതയില്ല.
സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍