CricketKeralaNewsSports

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാർ

കൊളംബോ: എമേർജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാർ. സായ് സുദർശന്‍റെ സെഞ്ചുറിയും(104*), നികിന്‍ ജോസിന്‍റെ ഫിഫ്റ്റിയും(53), രാജ്‍വർധന്‍ ഹംഗർഗേക്കറിന്‍റെ 5 വിക്കറ്റുമാണ് ഇന്ത്യക്ക് തകർപ്പന്‍ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ എയുടെ 205 റണ്‍സ് 36.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ എ മറകടന്നു. സ്കോർ: പാകിസ്ഥാന്‍ എ- 205 (48), ഇന്ത്യ എ- 210/2 (36.4). ബി ഗ്രൂപ്പില്‍ മൂന്ന് വീതം മത്സരങ്ങളില്‍ ഇന്ത്യക്ക് ആറും പാകിസ്ഥാന് നാലും നേപ്പാളിന് രണ്ടും പോയിന്‍റ് വീതമാണുള്ളത്. യുഎഇ കളിച്ച മൂന്ന് കളിയും തോറ്റു. ബംഗ്ലാദേശാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമേ നഷ്‍ടമായുള്ളൂ. കഴിഞ്ഞ മത്സരത്തിലെ അർധസെഞ്ചുറിവീരന്‍ ഓപ്പണർ അഭിഷേക് ശർമ്മയെ(28 പന്തില്‍ 20) മുബശിർ ഖാനും 64 പന്തില്‍ 53 നേടിയ നികിന്‍ ജോസിനെ മെഹ്റാന്‍ മുംതാസും പുറത്താക്കി. ഒരറ്റത്ത് പിടിച്ചുനിന്ന ഓപ്പണർ സായ് സുദർശനും(110 പന്തില്‍ 104*), ക്യാപ്റ്റന്‍ യഷ് ദുള്ളും(19 പന്തില്‍ 21*) ഇന്ത്യ എയെ അനായാസ ജയത്തിലേക്ക് ആനയിച്ചു.

തുർച്ചയായി രണ്ട് സിക്സുകളോടെയാണ് സായ് സെഞ്ചുറി തികച്ചതും ടീമിനെ വിജയിപ്പിച്ചതും തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സായ് ഫോം കണ്ടെത്തുന്നത്. നേപ്പാളിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സായ് സുദർശന്‍ പുറത്താവാതെ 58* റണ്‍സെടുത്തിരുന്നു. എമേർജിംഗ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച ഏക ടീം ഇന്ത്യ എയാണ്. 

നേരത്തെ, ഇന്ത്യന്‍ യുവ ‌‌ബൗളർമാർക്ക് മുന്നില്‍ വിയർത്ത പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാക് ടീമിന്‍റെ പ്രതീക്ഷകളെല്ലാം ഇന്ത്യന്‍ യുവ ‌‌ബൗളർമാർ എറിഞ്ഞുടച്ചു. ഏഴാമനായിറങ്ങി 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറർ.

വാലറ്റത്തിന്‍റെ പോരാട്ടമാണ് പാകിസ്ഥാനെ 200 കടത്തിയത്. ഇന്ത്യക്കായി രാജ്‍വർധന്‍ ഹംഗർഗേക്കർ 8 ഓവറില്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹംഗർഗേക്കറുടെ അഞ്ചിന് പുറമെ മാനവ് സത്താർ മൂന്നും നിഷാന്ത് സന്ധുവും റിയാന്‍ പരാഗും ഓരോ വിക്കറ്റും നേടി. 

ഓപ്പണർ സയീം അയൂബ്(0), സഹഓപ്പണർ സഹീബ്‍സദ ഫർഹാന്‍(35), മൂന്നാമന്‍ ഒമെർ യൂസഫ്(0), നാലാമന്‍ ഹസീബുള്ള ഖാന്‍(27) എന്നിവർക്ക് ശേഷം കമ്രാന്‍ ഗുലാം 15 ഉം ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ് 14 ഉം റണ്‍സിന് പുറത്തായി. ഇതിന് ശേഷം ഏഴാമന്‍ ഖാസിം അക്രം(63 പന്തില്‍ 48), എട്ടാമന്‍ മുബശിർ ഖാന്‍(38 പന്തില്‍ 28), ഒന്‍പതാമന്‍ മെഹ്റാന്‍ മുംതാസ്(26 പന്തില്‍ 25*) എന്നിവരുടെ പോരാട്ടമാണ് പാകിസ്ഥാനെ കുഞ്ഞന്‍ സ്കോറില്‍ നിന്ന് കാത്തത്. മുഹമ്മദ് വസീം ജൂനിയർ 7 പന്തില്‍ 8 ഉം ഷാനവാസ് ദഹാനി 4 പന്തില്‍ 4 ഉം റണ്‍സെടുത്ത് പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker