‘കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു’; ഗോപി സുന്ദർ-അമൃത വേർപിരിയൽ വാർത്തകൾക്കിടെ അഭയ ഹിരൺമയി
കൊച്ചി:ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്‌പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. 2022 മെയ് 26ന് പ്രണയം പ്രഖ്യാപിച്ചു കൊണ്ട് ഇവർ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതും ആരാധകരുടെ സംശയത്തിന് കാരണമായി. അമൃതയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ ഗോപി സുന്ദർ പങ്കുവെക്കാറുണ്ടായിരുന്നു. കുറച്ചായി അതും കാണുന്നില്ല. ഇതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതും, ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷനും വേർപിരിയലുമെല്ലാം ചർച്ചയായിരുന്നു. അന്ന് കുറ്റപ്പെടുത്തലുകൾ കേട്ടത് ഗോപി സുന്ദറിനാണ്. ഇപ്പോഴും അതേ സാഹചര്യമാണ്. ഗോപി സുന്ദർ അമൃതയെ ഉപേക്ഷിച്ചു എന്ന രീതിയിലാണ് ചർച്ചകൾ. പൊതുവെ അമൃതയെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് നടിയുടെ കുടുംബം പ്രതികരിക്കാറുണ്ട്.
മുൻപ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് തെറ്റായ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ അത് ഉണ്ടായിട്ടില്ല. അമൃത-ഗോപി സുന്ദർ പ്രണയത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അഭിരാമിയാണ്. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ വിമർശനങ്ങൾ ശക്തമായപ്പോൾ പ്രതിരോധിക്കാൻ അഭിരാമി മുന്നിലുണ്ടായിരുന്നു. അതേസമയം വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാകുമ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ പരിഹാസ കമന്റുകളും വിമർശനങ്ങളും ഉയരുകയാണ്.
അതിനിടെ ഗായിക അഭയ ഹിരൺമയിയുടെ ഒരു പോസ്റ്റും വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരൺമയി. അഭയയുടെ പോസ്റ്റ് അതിലെ ക്യാപ്‌ഷൻ കൊണ്ടാണ് ശ്രദ്ധനേടുന്നത്. ‘ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു’ എന്നാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.
പ്രത്യേകിച്ച് ഒന്നും ഈ ക്യാപ്ഷനില്ല എങ്കിലും, അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്കിടയിൽ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടതാണ് ചർച്ചയായിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഗോപി സുന്ദർ-അമൃത വേർപിരിയലിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും.
ലെ ഗോപി സുന്ദർ, ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നിങ്ങനെയുള്ള കമന്റുകൾ തുടങ്ങി, അഭയയുടെ ടൈമിങ് പ്രതികരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളടക്കം വരുന്നുണ്ട്. ആരെയോ കുത്തി പറയുന്നതല്ലേ എന്നും ആരാധകർ ചോദിക്കുന്നു. നേരത്തെ ഗോപി സുന്ദറും അഭയയും വേർപിരിഞ്ഞ സമയത്തും തന്റെ പ്രതികരണങ്ങൾ ഇത്തരത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയും ക്യാപ്ഷനിലൂടെയും അഭയ വ്യക്തമാക്കിയിരുന്നു. താൻ ആഗ്രഹിച്ചു പിരിഞ്ഞതല്ല എന്ന രീതിയിലായിരുന്നു പോസ്റ്റുകൾ.
അന്നും ഇന്നും ഗോപി സുന്ദറിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. അന്ന് അഭയയ്ക്ക് കിട്ടിയ പിന്തുണ ഏറെകുറെ അമൃത സുരേഷിനും ഇപ്പോൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃത പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ എല്ലാം പിന്തുണച്ചുള്ള കമന്റുകൾ കാണാമായിരുന്നു. അതേ സമയം അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. അമൃതയോ ഗോപി സുന്ദറോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല.
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായിട്ടാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും പ്രഖ്യാപിച്ചത്. ഒരുപാട് വിമർശനങ്ങൾ വന്നപ്പോഴും അതിനെയെല്ലാം ഒന്നിച്ച് പ്രതിരോധിച്ച് വളരെ സ്നേഹത്തോടെ മുന്നോട്ട് പോവുകയായിരുന്നു ഇവർ. നടൻ ബാലയിൽ നിന്ന് വിവാഹമോചനം നേടി ഏറെനാൾ കഴിഞ്ഞാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്.