ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കള്‍ക്ക് പൂജക്ക് അനുമതി നൽകി
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
കാശി ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗ’ത്തിന്റെ യഥാർഥ ഉറവിടത്തെക്കുറിച്ച് ശാസ്ത്രീയപരിശോധന നടത്താൻ പുരാവസ്തു ഗവേഷണ വകുപ്പിന് (എ.എസ്.ഐ.) നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി പള്ളി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുതിയ അപേക്ഷയെത്തിയത്.
ഗ്യാൻവാപി പള്ളി പരിസരത്ത് എ.എസ്.ഐ. സർവേ നടത്താനുള്ള ഹൈക്കോടതിയുടെ നിർദേശം സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു. എന്നാൽ, ശിവലിംഗം എന്ന് അവകാശപ്പെടുന്ന വസ്തു ഒഴികെയുള്ള സ്ഥലത്താണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. അതിനാൽ ‘ശിവലിംഗ’ത്തിന്റെ ഉറവിടംകൂടി പരിശോധിക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം.
ശിവലിംഗത്തിനുചുറ്റും ഇതുമായി ബന്ധമില്ലാത്ത ആധുനിക നിർമിതികളുണ്ടെന്ന് ഹിന്ദു കക്ഷികൾ ചൂണ്ടിക്കാട്ടി. ശിവലിംഗത്തിന്റെ സ്വഭാവസവിശേഷതകൾ മറയ്ക്കാനാണ് അതിനുചുറ്റും ഇത്തരം നിർമാണങ്ങൾ ബോധപൂർവം നടത്തിയതെന്നും അവർ ആരോപിച്ചു.
ഗ്യാൻവാപി പള്ളിപരിസരത്ത് സർവേയിൽ കണ്ടെത്തിയ വസ്തു ശിവലിംഗം ആണോ എന്ന് പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞവർഷം മേയ് 12-ന് അനുമതി നൽകിയിരുന്നു. എന്നാൽ, ഹൈക്കോടതിനിർദേശം നടപ്പാക്കുന്നത് സുപ്രീംകോടതി തത്‌കാലത്തേക്ക് മാറ്റിവെച്ച് മുസ്‍ലിം കക്ഷികളുടെ അപേക്ഷയിൽ കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും മറുപടി തേടിയിരുന്നു.
ഈ വിഷയം സുപ്രീംകോടതിക്കുമുമ്പാകെ നിൽക്കുന്നതിനിടെയാണ് ശിവലിംഗം ഒഴികെയുള്ള സ്ഥലത്ത് ശാസ്ത്രീയപരിശോധന നടത്താൻ വാരാണസി കോടതി കഴിഞ്ഞ ജൂലായ് 21-ന് നിർദേശിച്ചത്. ഇതിനെ ചോദ്യംചെയ്ത് പള്ളിഭരണം കൈകാര്യംചെയ്യുന്ന അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജികളാണ് അലഹാബാദ് ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ തള്ളിയത്.