KeralaNews

ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കനത്തമഴ: താൽകാലിക നടപ്പാലം തകർന്നു; ഒഴുക്കിൽപ്പെട്ട പശുവിനെ സാഹസികമായി രക്ഷിച്ചു

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.

അതിനിടെ, മുണ്ടക്കൈ ഭാ​ഗത്ത് കണ്ണാടിപ്പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അ​ഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന അ​ഗ്നിരക്ഷാസേനാം​ഗങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.

ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാ​ഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിൽ ഒന്ന് ഒഴുക്കിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ വടം ഉപയോ​ഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.

തകർന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാ​ഗങ്ങളിലാണ് ആദ്യം വടം ഉപയോ​ഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതൽ അം​ഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃ​ഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker