35.2 C
Kottayam
Wednesday, April 24, 2024

സംസ്ഥാനത്ത് ഇന്നും മഴ കനക്കും,11 ജില്ലകളിൽ യെല്ലോ അലർട്ട്

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയോടെ തുലാവർഷം തുടങ്ങും. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ കിട്ടിയേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് നിന്നും പൂർണമായും പിൻവാങ്ങും.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്നാണ് തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. മുല്ലപ്പെരിയാറിൽ ഒക്ടോബർ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസർവോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. അതിനു മുന്നോടിയായി ഇടമലയാർ അണക്കെട്ടും തുറന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽനില ഒക്ടോബർ 20ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും കത്തിൽ തമിഴ്നാടിനെ അറിയിച്ചു.

ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week