ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ ഇന്ത്യക്കാരിയായ ഈ കൗമാരക്കാരി! നിലാന്‍ഷിയെ തേടിയെത്തിയത് ഗിന്നസ് റെക്കോഡ്
ഗാന്ധിനഗര്‍: ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡ് ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേലിന്റെ പേരില്‍. 17കാരിയായ ഇവരുടെ മുടിയുടെ നീളം ആറ് അടിയാണ്. 2018ല്‍ 170.5 സെന്റീമീറ്റിര്‍ നീളമുള്ള തലമുടിയുമായി നിലാന്‍ഷി റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. വീട്ടില്‍ തന്നെ അമ്മ തയാറാക്കുന്ന പ്രത്യേകതരം വെളിച്ചെണ്ണയാണ് തന്റെ മുടിയുടെ ആരോഗ്യമെന്ന് നിലാന്‍ഷി പറയുന്നു. ഒരു പ്രാവശ്യം പോലും താന്‍ മുടി മുറിച്ചിട്ടില്ലെന്നും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ തന്റെ പേര് എഴുതി ചേര്‍ക്കുക എന്നത് അമ്മയുടെ അതിയായ ആഗ്രഹമായിരുന്നുവെന്നും നിലാന്‍ഷി പറയുന്നു.
ആഴ്ചയില്‍ ഒരു പ്രാവശ്യമാണ് നിലാന്‍ഷി മുടി കഴുകുന്നത്. മുടി കഴുകുവാന്‍ മാത്രം അരമണിക്കൂര്‍ ആവശ്യമാണ്. മുടി ഉണങ്ങുവാനും ചീകിയൊതുക്കുവാനും ധാരാളം സമയം ആവശ്യമാണെന്ന് നിലാന്‍ഷി പറയുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിലാന്‍ഷിക്ക് സോഫ്റ്റ്വെയര്‍ എന്‍ജിനിയറാകണമെന്നാണ് ആഗ്രഹം.