കിം ജോങ് ഉന്നിനെതിരെ ചുവരെഴുത്ത്; നാട്ടുകാരുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിച്ച് അന്വേഷണം
ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനെതിരെ നഗരത്തില്‍ ചുവരെഴുത്ത്. പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 22ന് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ കണ്ടെത്തിയ ഈ ചുവരെഴുത്ത് അധികൃതര്‍ മായ്ച്ചുകളഞ്ഞു.
എന്നാല്‍, എഴുതിയ ആളെ കണ്ടുപിടിക്കാന്‍ നാട്ടുകാരുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുകയാണ്. ഉത്തരകൊറിയന്‍ സുരക്ഷാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ എല്ലാ ആളുകളുടെയും കയ്യക്ഷരങ്ങള്‍ പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും വെറുതെവിടുന്നില്ല.
വീടുകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ അംഗങ്ങളുടെയെല്ലാം കയ്യക്ഷരം സ്വീകരിക്കുകയാണ്. നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുവരെഴുത്ത് നടത്തുന്നത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്.