FeaturedNews

കൊവിഡ് കുതിച്ചുയരുന്നു, ജാഗ്രതക്കുറവ് വലിയ വിപത്തിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറഞ്ഞ മരണനിരക്കും, നേരിയ രോഗലക്ഷണങ്ങളുമാണെങ്കിലും ഒമൈക്രോണിനെ നിസ്സാരവത്കരിക്കരുകതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപന തോത് നിലവില്‍ ഇരിട്ടിയാണെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ പറഞ്ഞു. ജാഗ്രത കുറവ് ഗുരുതര വിപത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം വര്‍ദ്ധിച്ചാല്‍ 60 പിന്നിട്ടവര്‍, ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, കേരളം, തമിഴ്നാട്, കര്‍ണാടകം, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലാണ്. ഇതോടെ പല സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര്‍ രോഗമുക്തരായി. 325 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു.

ബുധനാഴ്ച മാത്രം 58,097 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.1 ശതമാനം മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി എത്തിയത്. രോഗവ്യപന നിരക്ക് രണ്ടാം തരംഗ സമയത്ത് 1.69 ആയിരുന്നു. ഇപ്പോള്‍ അത് 2.69 ആയി ഉയര്‍ന്നു. എന്നാല്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ആകുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.

രാജ്യത്തെ 28 ജില്ലകളില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമാണ്. 43 ജില്ലകളില്‍ അഞ്ച് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ഒമൈക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ആകെ 230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker