മാത്യു കുഴൽനാടന് തിരിച്ചടി, റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാൻ അനുമതി,റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു
ഇടുക്കി: മാത്യു കുഴൽനാടന്‍റെ ചിന്നക്കനാൽ റിസോർട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ അനുമതി. ലാൻഡ് റവന്യു തഹസിൽദാർ നൽകിയ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷം ഹിയറിങ് നടത്തും. 50 സെന്‍റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടൻ കൈവശം ഉണ്ടെന്നാണ് കണ്ടെത്തൽ.
അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പൻചോല ലാന്‍ഡ് റവന്യു തഹസിദാറണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
മാത്യുവിൻറെ മൊഴിയെടുത്ത ശേഷണാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിൻറെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നത്. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു.
കേസിൽ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.