EntertainmentKeralaNews

സിനിമാനയത്തിനുള്ള സർക്കാർ സമിതി; രാജീവ് രവിയും മഞ്ജു വാരിയരും പിൻമാറി

തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമർശനവുമായി എത്തിയിരുന്നു. വിവാദങ്ങൾക്കിടെയാണ് ഇരുവരുടേയും പിന്മാറ്റം.

സംവിധായകൻ ഷാജി എൻ.കരുൺ അധ്യക്ഷനായ സമിതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി.കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, നടനും കൊല്ലം എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾകൂടി നയത്തിൽ ഉൾപ്പെടുത്തും. സിനിമയിലെ പ്രീ-പ്രൊഡക്‌ഷൻ, പ്രൊഡക്‌ഷൻ, പോസ്റ്റ്-പ്രൊഡക്‌ഷൻ, വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായംകൂടി നയത്തിൽ ചേർക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സിനിമാനയം, സിനിമയ്ക്ക് പ്രത്യേകം അതോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ അതോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് യോജിപ്പില്ല. ഹേമാ കമ്മിറ്റിയുടെ ചില ശുപാർശകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് പൂർണമായി സർക്കാർ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിസ് ഹേമ അധ്യക്ഷയും നടി ശാരദ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായിരുന്നു.

വിവിധതലങ്ങളിൽനടന്ന ചർച്ചയെത്തുടർന്ന് സിനിമാസംബന്ധമായ ജോലി നടക്കുന്ന കേന്ദ്രങ്ങളിൽ ആഭ്യന്തര പരിഹാരസമിതി നിലവിൽവന്നു എന്നതു മാത്രമാണ് ഇതുവരെയുണ്ടായ പ്രധാന മാറ്റം. വർഷങ്ങൾക്ക്ുമുമ്പ് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി നൽകിയ സമിതിയുടെ റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker