CrimeKeralaNews

15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് 2020ൽ മുങ്ങി,പോലീസിനെ വെട്ടിച്ചത് പലവട്ടം, ഒടുവിൽ അറസ്റ്റ്

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരനും  ചേർന്ന് പിടി കൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് രേഖപ്പെടുത്തി.

2020 നവംബർ 17ന് ചേവായൂർ പൊലീസും ഡൻസാഫും ചേർന്ന് 16 കിലോഗ്രാം കഞ്ചാവ് പാറോപ്പടിയിലെ  ആളൊഴിഞ്ഞ റൂമിൽ നിന്നും പിടികൂടിയിരുന്നു. എന്നാൽ ഈ റൂം അനഗേഷ് വാടകക്ക് എടുത്തതായിരുന്നു. ഈ റൂമിൽ വെച്ചായിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കേസിൽ പ്രതി ചേർന്നിരുന്ന അനഗേഷ് പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഈ കേസിൽ നാലു പേർ അറസ്റ്റിലായിരുന്നു.  

അനഗേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ അതിവിദഗ്ധ മായി ഇയാൾ ബൈക്കിൻ്റെ ഉടമസ്ഥാവകാശം സഹോദരന്റെ പേരിലേക്ക് മാറ്റുകയും സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോവുകയും ചെയ്തു.

പിന്നീടൊരിക്കൽ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ടും രക്ഷപ്പെടുകയുണ്ടായി. മാസങ്ങൾക്ക് മുമ്പ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ അന്വേഷിച്ചു ബാംഗ്ലൂരിൽ എത്തിയെങ്കിലും പൊലീസിനെ കണ്ട് ഇയാൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു.

രക്ഷപ്പെട്ട കാർ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തു. ലഹരിക്കടിമകളായ നിരവധി യുവാക്കളെ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായാൽ അറിയിക്കാൻ പല സ്ഥലങ്ങളിലും നിയോഗിച്ചിരുന്നു. 

ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ കുറിച്ച് അന്വേഷിക്കുകയും ബാഗ്ലൂരിൽ തിരിച്ചെത്തിയതായി വിവരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷണസംഘം ബാഗ്ലൂരിലേക്ക് തിരിക്കുകയും ദിവസങ്ങളോളം നിരീക്ഷിച്ച് താവളം കണ്ടെത്തുകയും നാലാം നിലയിലുള്ള റൂമിൽ നിന്നും പിടികൂടുകയുമായിരുന്നു.

തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കുറ്റം സമ്മതിക്കുകയും ചെയ്തു.  പൊലീസിൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട ശേഷം തിരുപ്പതിയിൽ എത്തുകയും അവിടെ ഒരാഴ്ച നിന്ന ശേഷം മുംബെയിൽ എത്തുകയും പിന്നീട് സുഹൃത്തിൻ്റെ സഹായത്തോടെ ഹിമാചൽ പ്രദേശിൽ ഒളിവിൽ കഴിയുകയുമായിരുന്നു. 

നാലു മാസത്തിനു ശേഷം വീണ്ടും ബാഗ്ലൂരിൽ എത്തുകയും പഴയതാമസ സ്ഥലത്ത് നിന്നും മാറി ബാഗ്ലൂരിലെ സംഘാംഗങ്ങളുടെ  കൂടെ ഉൾപ്രദേശങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയുമായിരുന്നു. ഇയാളുടെ സംഘത്തിൽപ്പെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടാതെ ഫോൺ പരിശോധിച്ചതിൽ കണ്ട പണമിടപാടുകളെകുറിച്ചും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,എ.കെ അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ സജി എസ്സിപിഒ ബൈജു തേറമ്പത്ത് സൈബർ സെല്ലിലെ സ്കൈലേഷ്  എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker