
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ കണ്ട വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്‌കൂളിനു സമീപത്താണ് വനംവകുപ്പ് ഇന്നു പുലര്‍ച്ചെ കൂടു സ്ഥാപിച്ചത്.
ചൊവ്വാഴ്ച ഇവിടെ നിരീക്ഷണം നടത്തിയിരുന്ന വനപാലകരും കടുവയെ കണ്ടിരുന്നു. ഇതേത്തുടന്നാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ മുഖ്യവനപാലകന്‍ നിര്‍ദ്ദേശം നല്‍കിയത്. കടുവ അവശനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ പിടികൂടി ഉള്‍ വനത്തില്‍ വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഗ്രാമ്പി സ്‌കൂളിന് നൂറ് മീറ്റർ ദൂരത്തിലാണ് നാട്ടുകാർ കടുവയെ കണ്ടത്. ഗ്രാമ്പി എസ്റ്റേറ്റിൽ താമസിക്കുന്ന മണികണ്ഠൻ, യേശയ്യ എന്നിവരുടെ പശുക്കളെയാണ് കടുവ ആക്രമിച്ച് പരിക്കേൽപിച്ചത്. തേയില തോട്ടത്തിൽ പുല്ല് തിന്നാനായി അഴിച്ചു വിട്ട പശുക്കളെയായിരുന്നു കടുവ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പശുക്കളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് മണികണ്ഠൻ ഓടിയെത്തി. ഈ സമയം പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടു. ഉടൻ തന്നെ ഇയാൾ ബഹളം വെച്ചു മറ്റുള്ളവരെ കൂട്ടി.
സ്‌കൂളിൽ ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്‌കൂൾ അദ്ധ്യാപകർ ബഹളം കേട്ട് സ്‌കൂളിന്റെ പുറത്ത് ഇറങ്ങിവന്നു. തുടർന്ന് അദ്ധ്യാപകരും ബഹളം വച്ചു. ഈ സമയം കൊണ്ട് കടുവ തേയിലക്കാടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു.
ഉടൻ തന്നെ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. തുടർന്ന് മുറിഞ്ഞപുഴ സെക്ഷന്റെ കീഴിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരശോധനകൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഒരാഴ്ച മുമ്പ് തേയില തോട്ടത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുവരെയും കടുവയെ പിടികൂടാനായില്ല.