ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ മോദി ഉഷയോട് ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിന്റെ നേരിട്ടുള്ള വിവരംതേടി പ്രശ്‌നപരിഹാരത്തിന് എല്ലാവഴികളും തേടാനാണ് ഉഷയോട് മോദി ആവശ്യപ്പെട്ടതെന്നാണ് വിവരം. അയോഗ്യയാക്കിയ സംഭവത്തില്‍ ഫോഗട്ടിന് പ്രയോജനകരമാകുമെങ്കില്‍ മാത്രം കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ഐ.ഒ.എ. പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍നിന്ന് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ മോദി കടുത്ത നിരാശരേഖപ്പെടുത്തിയിരുന്നു. തിരിച്ചടി വേദനാജനകമാണെന്ന് എക്‌സില്‍ കുറിച്ച മോദി, വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും ഫോഗട്ടിന്റെ പ്രകൃതം എന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.