ആക്രമണത്തില്‍ പരുക്കേറ്റയാളെ അക്രമി ആശുപത്രിയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
ഭോപ്പാല്‍: ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്‍ന്നെത്തിയ അക്രമി ആശുപത്രിയില്‍ വച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരി എന്നയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മിലന്‍ മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ദാമോദറിനെ മിലന്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ തേടി ദാമോദര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മിലന്‍ പിന്തുടര്‍ന്നെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ മിലന്‍ രാജക് ആശുപത്രിയില്‍ പ്രവേശിച്ച് ചുറ്റും നോക്കുന്നതു കാണാം. ശേഷം ദാമോദറിന്റെ സമീപമെത്തി തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ദാമോദര്‍ ഓടുന്നത് വിഡിയോയില്‍ കാണാം. തീകൊളുത്തിയശേഷം മിലന്‍ രാജക് ആശുപത്രിയില്‍നിന്ന് പുറത്തേക്കുപോയി. തീകൊളുത്താന്‍ പ്രതി പെട്രോളാണ് ഉപയോഗിച്ചെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് വിക്രം കുശ്വ പറഞ്ഞു.