KeralaNews

സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; പ്രതിപക്ഷ നേതാവിന് ഫെഫ്കയുടെ കത്ത്

കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്തയച്ച് ഫെഫ്ക. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

സിനിമ പ്രവകര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജു ജോര്‍ജുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച അട്ടിമറിച്ചത് താനല്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പരാമര്‍ശിച്ചു.

ഞായറാഴ്ച കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്നാരോപിച്ച് സിനിമാ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. നടന്‍ ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകരുടെ മുദ്രാവാക്യവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധവും ജോജു ജോര്‍ജിന്റെ ഇടപെടലും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് പുതിയ പ്രതിഷേധങ്ങള്‍ക്കുകാരണം.

അതേസമയം ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങിയേക്കും. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കീഴടങ്ങുക. കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചന. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങല്‍ എന്നാണ് വിവരം.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തര്‍ക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു. ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ സിപിഐഎം സമ്മര്‍ദ്ദമാണെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് ആരോപിച്ചു. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്. ഇതുവരെ രണ്ടു പേര്‍ അറസ്റ്റിലായി. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ മരട് പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കീഴടങ്ങാനുള്ള തീരുമാനം വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker