ഗാസയില്‍ പോരാട്ടം,56 പാലസ്തീനികളും ആറ് ഇസ്രായേലികളും കൊലപ്പെട്ടു,ജീവന്‍ നഷ്ടമായവരില്‍ 13 പാലസ്തീന്‍ കുട്ടികളും
ഗാസ:മലയാളി യുവതി സൗമ്യയടക്കം കൊല്ലപ്പെട്ട ഹമാസ് ഷെല്ലാക്രമണത്തിന് പിന്നാലെ ഇസ്രയേലും പലസ്തീനും നേർക്കുനേരെ ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ചമാത്രം 11 പേർ മരിച്ചു. ടെൽ അവീവിനെയും തെക്കൻനഗരമായ ബീർഷെബയെയും ലക്ഷ്യമിട്ട് പലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രയേലികളും മരിച്ചു.
നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഇസ്രയേൽ മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി.
ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ,വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രയേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ആയിരത്തോളം റോക്കറ്റുകൾ പലസ്തീനിൽനിന്ന് തൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്.
വാണിജ്യതലസ്ഥാനമായ ടെൽ അവീവിനെ ഹമാസ് ലക്ഷ്യമിട്ടത് ഇസ്രയേലിന് വലിയ വെല്ലുവിളിയുയർത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം 210 റോക്കറ്റുകൾ നഗരത്തെ ലക്ഷ്യമിട്ട് തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു.
പലസ്തീൻ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ആക്രമണത്തിനു മുതിർന്നാൽ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇസ്രയേലിന് കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയെ പ്രതികരിച്ചു.
യുദ്ധ സമാന ദൃശ്യങ്ങളാണ് ഇസ്രയേലിലും പലസ്തീനിലും.ആക്രമണം കനത്തതോടെ മരണസംഖ്യ ഉയരുകയാണ്. ഗാസയിൽ മൂന്നാമത്തെ ടവറും ഇസ്രയേൽ ആക്രമണത്തിൽ തകർന്നതോടെ രണ്ടും കൽപ്പിച്ച് തിരിച്ചടിക്കുകയാണ് ഹമാസ്. ഇതിനോടകം അവർ ഇസ്രയേൽ മണ്ണിലേക്ക് തൊടുത്തത് 1500ൽ ഏറെ റോക്കറ്റുകൾ. ശക്തമായ മറുപടിയാണ് ഇസ്രയേലും നൽകുന്നത്.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സ കൊല്ലപ്പെട്ടു. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചു. ഹമാസിന്‍റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇസ്സ. ഇതിനുപിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. പലസ്തീൻ ആക്രമണത്തെ അപലപിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇരു കൂട്ടരുമായും ചർച്ച നടത്താൻ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റിനെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഇസ്രയേൽ – പലസ്തീൻ തർക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്ട്ര ക്വാർട്ടെറ്റിന്‍റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനുമാണ് ക്വാർട്ടെറ്റിലെ അംഗങ്ങൾ. ഇസ്രയേൽ – പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം കനത്തതോടെ ലക്ഷക്കണക്കിന് ഇസ്രയേലികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്.
2014 ന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷകാലമാണിത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിൽ ഇസ്രായേൽ പൊലീസ് പിടിമുറുക്കിയതിനു പിന്നാലെ തുടങ്ങിയ ആക്രമണങ്ങൾ ഇരുരാജ്യങ്ങളെയും ചോരയിൽ മുക്കുന്നു.