ക്രീം തേച്ചത് വെളുക്കാൻ, വന്നത് അപൂര്‍വ്വ വൃക്കരോഗം’ 5 മാസത്തിനിടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത് 8 പേര്‍, ഞെട്ടിയ്ക്കുന്ന റിപ്പോർട്ട് പുറത്ത്
മലപ്പുറം: സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം.
തൊലിവെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്ബനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള സമയപരിധിക്കിടയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്ബനസ് നെഫ്രോപ്പതി (എം.എന്‍) എന്ന അപൂര്‍വ്വമായ വൃക്കരോഗം തിരിച്ചറിയപ്പെട്ടത്.
ഇവരില്‍ മഹാഭൂരിപക്ഷം പേരും തൊലിവെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരായിരുന്നുവെന്നാണ് കണ്ടെത്തല്‍. 14 വയസ്സുകാരിയായ പെണ്‍കുട്ടിയിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. മരുന്നുകള്‍ ഫലപ്രദമാകാതെ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തില്‍ പതിവില്ലാത്തതെന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്ന അന്വേഷണത്തിലേക്ക് എത്തുകയായിരുന്നു.ഡോക്ടര്‍മാര്‍.
ഇതോടെ പ്രത്യേക ഫെയര്‍നസ്സ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി മനസ്സിലാക്കി. എന്നാല്‍ ഇത് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിച്ചിരുന്നില്ല. ഇതേ സമയത്ത് തന്നെ കുട്ടിയുടെ ബന്ധുവായ മറ്റൊരാള്‍ കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി.
ഇരുവര്‍ക്കും അപൂര്‍വ്വമായ നെല്‍ 1 എം.എന്‍ പോസിറ്റീവായിരുന്നു. അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നസ്സ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു. ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവ് കൂടി സമാന ലക്ഷണവുമായി വരികയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നസ്സ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളേയും വിളിച്ച് റീവിസിറ്റ് നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ എട്ടുപേര്‍ ഫെയര്‍നസ്സ് ഫേസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി.
ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫേസ് ക്രീമിനേയും വിശദ പരിശോധനയ്ക്ക് വിധേയമാക്കിയെന്നാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും, ഡോ. രഞ്ജിത്ത് നാരായണനും പറയുന്നത്. ഈ പരിശോധയില്‍ മെര്‍ക്കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്നും കണ്ടെത്തി. ഉപയോഗിക്കപ്പെട്ട ഫെയര്‍നസ്സ് ക്രീമുകളില്‍ ഇന്‍ഗ്രീഡിയന്‍സ് സംബന്ധിച്ചോ, നിര്‍മ്മാണം സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ലയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വിപണിയില്‍ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളില്‍ ഇറക്കുമതി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്ബര്‍, സാധനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.