KeralaNews

അവള്‍ക്ക് കൈയ്യില്‍ മുള്ളു കൊണ്ടാല്‍ പോലും എടുക്കാന്‍ പേടി, സ്വയം കഴുത്തറുക്കില്ലെന്ന് അമ്മ; നവവധുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രം പിന്നിടുന്നതിനിടെ നവവധു ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിച്ച നിലയില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ആതിരയുടെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആതിര ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും ഭര്‍ത്താവ് ശരത്തിന്റെ വീട്ടുകാരും പറയുന്നു.

എന്നാല്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനകത്തെ ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിന് കാരണം മൃതശരീരത്തില്‍ പിടിവലി നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണങ്ങളില്ലെന്നതായിരുന്നു.

ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലെന്ന് മാത്രമല്ല, കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍ നിന്ന് തന്നെയാണ് കത്തിയും കണ്ടെടുത്തത്. മരണം നടന്നതായി കരുതുന്ന സമയം ബന്ധുക്കളോ അല്ലാത്തവരോ ആയി ആരും തന്നെ വീട്ടിലില്ലായിരുന്നുവെന്നും മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പറയുന്നു. സംഭവദിവസം രാവിലെ ശരത്തും ഭര്‍തൃപിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃമാതാവും ജോലിക്കായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെ ആതിരയുടെ വിശേഷങ്ങള്‍ അറിയാനായി അമ്മ വീട്ടിലെത്തി. വീട്ടില്‍ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭര്‍തൃപിതാവും തിരികെയെത്തുകയായിരുന്നു.

തുടര്‍ന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും വാതില്‍ തകര്‍ത്ത് അകത്ത് കടന്നതും. മരണമുണ്ടായ സാഹചര്യങ്ങളില്‍ സംശയം ഉന്നയിക്കുകയാണ് ഭര്‍തൃപിതാവും. സംഭവം ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പോലീസിനും കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker