KeralaNews

ഇനിമുതല്‍ കോപ്പിയടിച്ചാല്‍ ക്ലാസില്‍ നിന്നു ഇറക്കി വിടില്ല! പുസ്തകം തുറന്നും ഉത്തരമെഴുതാം; അടിമുടി മാറാനൊരുങ്ങി പരീക്ഷകള്‍

തിരുവനന്തപുരം: സര്‍വകലാശാലാ പരീക്ഷകള്‍ ഓര്‍മ്മ പരിശോധനയില്‍ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണല്‍ മാര്‍ക്ക് 40 ശതമാനമാക്കി വര്‍ധിപ്പിക്കാനും പരീക്ഷാ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം.ജി സര്‍വകലാശാലാ പി.വി.സി ഡോ.സി.ടി. അരവിന്ദകുമാര്‍ സമിതി സര്‍ക്കാരിന് ഇടക്കാല ശുപാര്‍ശ നല്‍കി. മൂല്യനിര്‍ണയരേഖ ആര്‍ക്കും പരിശോധിക്കാവുന്ന പൊതുരേഖയായി കോളേജില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാലുവേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിന് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. ഇന്റേണല്‍ മാര്‍ക്ക് 50 ശതമാനമാക്കണം. ഓപ്ഷനുകളില്‍നിന്ന് ഉത്തരം തിരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് രീതിയിലേക്ക് പരീക്ഷകള്‍ മാറ്റണം. പ്രവേശനപരീക്ഷകളും ജോലിക്കായുള്ള പരീക്ഷകളുമെല്ലാം ഈ രീതിയിലാണ്. മിനി പ്രോജക്ടുകളും സെമിനാറുകളും നിര്‍ബന്ധമാക്കും. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഓപ്പണ്‍ബുക്ക് പരീക്ഷകള്‍ നടപ്പാക്കണം.

ബിരുദകോഴ്‌സുകളില്‍ ആദ്യ സെമസ്റ്ററുകളുടെയും പി.ജി കോഴ്‌സുകളില്‍ ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും കോളേജുകള്‍ക്ക് നല്‍കണം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് സര്‍വകലാശാല. മൂല്യനിര്‍ണയം കോളേജുകളിലെ അധ്യാപകര്‍.

ക്രമക്കേട് തടയാന്‍ ഇതില്‍ 20ശതമാനം ഉത്തരക്കടലാസുകള്‍ സര്‍വകലാശാല പുറത്ത് പരിശോധിക്കണം. പ്രവേശനത്തിനും കോഴ്‌സ് വിജയിക്കാനും രണ്ടുവട്ടം നിലവില്‍ ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതൊഴിവാക്കി ചട്ടങ്ങള്‍ ഏകീകരിക്കണം. സര്‍വകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണം. നിരന്തര മൂല്യനിര്‍ണയത്തിനുള്ള ഘടകങ്ങള്‍ സെമസ്റ്ററിന്റെ തുടക്കത്തില്‍ പ്രസിദ്ധീകരിക്കണം.

കോപ്പിയടി പിടികൂടിയാല്‍ കുട്ടിയെ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടരുത്. ക്രമക്കേട് കാട്ടിയ ഉത്തരക്കടലാസ് വാങ്ങി പകരം മറ്റൊന്ന് നല്‍കണം. ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ അനുവദിക്കണം. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആ പേപ്പറിന്റെ പരീക്ഷ മാത്രം റദ്ദാക്കണം. നിലവില്‍ എല്ലാ പരീക്ഷകളും റദ്ദാക്കുകയാണ് ചെയ്യുക. ആറു മാസത്തേക്ക് പരീക്ഷകളില്‍ വിലക്കേര്‍പ്പെടുത്തുന്നത് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം.

പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം. പുനര്‍മൂല്യനിര്‍ണയം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഏത് സര്‍ട്ടിഫിക്കറ്റും അപേക്ഷിച്ച് 15 ദിവസത്തിനകം ലഭ്യമാക്കണം. യു.ജി.സി അംഗീകാരമുള്ള സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ച് തുല്യതാ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇന്റേണല്‍ മാര്‍ക്ക് കുറവാണെങ്കില്‍ ആദ്യം പഠനവകുപ്പിനും പിന്നീട് കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കാം. പരിഹാരമായില്ലെങ്കില്‍ സിന്‍ഡിക്കേറ്റിലോ പരീക്ഷാ കണ്‍ട്രോളറോടോ പരാതിപ്പെടാനാവണം. ഇന്റേണല്‍, എഴുത്തുപരീക്ഷാ മാര്‍ക്കുകളില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ പുനര്‍മൂല്യനിര്‍ണയം നടത്തണം.

എല്ലാ കോഴ്‌സുകള്‍ക്കും ചോദ്യപേപ്പര്‍ ബാങ്കില്‍ നിന്നാവണം ചോദ്യങ്ങള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാകേന്ദ്രത്തില്‍ നിന്ന് സ്‌കാന്‍ ചെയ്ത് മൂല്യനിര്‍ണയത്തിന് ഡിജിറ്റലായി അദ്ധ്യാപകര്‍ക്ക് അയച്ചുകൊടുക്കുകയും, അവര്‍ ഡിജിറ്റലായി മാര്‍ക്കിടുകയും ചെയ്യുന്ന ഓണ്‍സ്‌ക്രീന്‍ ഇവാലുവേഷന്‍ നടപ്പാക്കണം.

ഇങ്ങനെയായാല്‍ ഉത്തരക്കടലാസ് നഷ്ടമാവുന്ന പ്രശ്‌നമുണ്ടാവില്ല. പുനര്‍മൂല്യനിര്‍ണയവും പൂര്‍ണമായി ഓണ്‍സ്‌ക്രീനാക്കണം. അപേക്ഷിക്കുന്നവരുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അദ്ധ്യാപകരുടേതടക്കം അഭിപ്രായം തേടിയ ശേഷംവിദ്യാര്‍ത്ഥിക്ക് പണമടയ്ക്കാം. പുനര്‍മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത ഉയരാനും മൂല്യനിര്‍ണയം കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. അന്തിമറിപ്പോര്‍ട്ട് അടുത്തമാസം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker