ബീസ്റ്റ് പ്രതീക്ഷിച്ചതു പോലെ ഒന്നുമില്ലെന്ന് ആരാധകര്‍
ദളപതി വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബീസ്റ്റ് വലിയ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിറഞ്ഞ സദസ്സില്‍ പുലര്‍ച്ചെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
ബീസ്റ്റ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ആരാധകര്‍ തുടങ്ങിയിരുന്നു. റിലീസിന് മുന്നേ നിരവധി റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. കേരളത്തിലും വലിയ ആവേശത്തോടെയാണ് സിനിമ ആരാധകര്‍ ബീസ്റ്റിനായി കാത്തിരുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ബീസ്റ്റ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. ചിത്രം ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വരുന്ന റിവ്യൂകള്‍. വലിയ ആവേശത്തില്‍ തീയേറ്ററുകളിലേക്കെത്തിയ ബീസ്റ്റ് ഫാന്‍സിനെപ്പോലും നിരാശപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മികച്ച ദൃശ്യവിരുന്നാകും ബീസ്റ്റ് പ്രേക്ഷകര്‍ക്ക് നല്‍കുക എന്ന പ്രതീക്ഷയിലായിരുന്നു വിജയ് ആരാധകരെങ്കിലും, പ്രതീക്ഷ കാക്കാന്‍ വിജയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു. വെളുപ്പിന് നടന്ന ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരാണ് സിനിമ അത്ര പോരെന്ന അഭിപ്രായം പങ്കുവെക്കുന്നത്.
ചിത്രം ആദ്യ ദിനം ബോക്‌സോഫീസില്‍ എത്ര കളക്ഷന്‍ നേടുമെന്നത് ഇപ്പോള്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരുവിധം തീയേറ്ററുകളിലെല്ലാം ബുക്കിങ് ദിവസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായിരുന്നു. 350 ഓളം ഫാന്‍സ് ഷോകളാണ് കേരളത്തില്‍ ചിത്രത്തിനായി ഒരുക്കിയിരുന്നത്
ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വയലന്‍സും കാരണം ബീസ്റ്റിന് രണ്ട് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുവൈറ്റും ഖത്തറുമാണ് ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിലും വയലന്‍സ് നിറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ തന്നെ ചില മുസ്ലീം സംഘടനകളും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ചിത്രം തീയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അണിയറപ്രവര്‍ത്തകര്‍ രണ്ട് പുതിയ ടീസറുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണങ്ങള്‍ ഇല്ലാത്ത ഒരു ടീസറും ഇതോടൊപ്പം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വെടിയുണ്ടകള്‍ പായുന്നതിന്റെയും കത്തി വീശുന്നതിന്റെയുമൊക്കെ ശബ്ദങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വന്‍ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്.