KeralaNews

കോടതി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയ്ക്കെതിരായ രഹസ്യമൊഴി കൈമാറാം, ഇ.ഡി. സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആറിനാണ്  59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ  വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. 

സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ പുതിയ നീക്കം. നടപടികൾ  ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. “അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു.

കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ  മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജതെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും.

അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു.  ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു”. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും  ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി ഇഡി സംശയിക്കുന്നതായും  ഹർജിയിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker