NationalNews

അടിച്ചു ഫിറ്റായി വരൻ, കല്യാണമണ്ഡപത്തിൽ മയക്കം, വിവാഹം ഉപേക്ഷിച്ച് യുവതി;നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം

നൽബാരി: കല്യാണ മണ്ഡപത്തില്‍ മദ്യലഹരിയിലെത്തിയ വരനെ വേണ്ടെന്ന് പ്രഖ്യാപിച്ച് വധു. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. അടിച്ച് പൂസായി ആടി നില്‍ക്കുന്ന വരന്‍റെയും മണ്ഡപത്തില്‍ ഇരുന്ന് മയങ്ങുന്നതിന്‍റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് തന്‍റെ വിവാഹത്തിനെത്തിയ യുവാവ്  മണ്ഡപത്തിലിരുന്ന് മയങ്ങിപ്പോവുകയായിരുന്നു.

മദ്യലഹരിയിലാണ് വരന്‍ വിവാഹം നടക്കുന്ന വധുവിന്‍റെ വീട്ടിലേക്ക് എത്തിയത്. ഫിറ്റായി കാല് നിലത്തുറക്കാതെയാണ് കാറില്‍ നിന്നു തന്നെ വരന്‍ പുറത്തിറങ്ങിയതെന്ന് വധുവിന്‍റെ ബന്ധുക്കള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് മണ്ഡപത്തിലെത്തിച്ചത്. ആടിയായി പോകുന്ന യുവാവിനെ വീഡിയോയില്‍ കാണാം. ഇയാള്‍ മണ്ഡപത്തിലെത്തിയതോടെയാണ് മദ്യലഹരിയിലാണെന്ന് വധു മനസിലാക്കുന്നത്.

വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിനിടെ മണ്ഡപത്തിലിരുന്ന വരന്‍ മയങ്ങിപ്പോവുകയായിരുന്നു. വിവാഹം നടത്താനെത്തിയ പൂജാരി ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങള്‍ പോലും ചൊല്ലാനുള്ള ബോധം വരനുണ്ടായിരുന്നില്ല. ഇതോടെ വധു എഴുനേറ്റ് തനിക്ക് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് വേദി വിട്ടിറങ്ങുകയായിരുന്നു.

നാൽബാരി ടൗണിലെ താമസക്കാരനാണ് വരന്‍. ഒരു മാസം മുമ്പാണ് യുവാവിന്‍റെ വിവാഹം നിശ്ചയിക്കുന്നത്. ‘വിവാഹം ഭംഗിയായി നടക്കുമെന്നാണ് കരുതിയത്. എന്നാല്‍ വരന്‍റെ വീട്ടില്‍ നിന്നെത്തയവരില്‍ ഭൂരിഭാഗം പേരും മദ്യലഹരിയിലായിരുന്നു. വരന് കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അയാളുടെ പിതാവ് അതിലും മോശം അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ടാണ് പെണ്‍കുട്ടി തനിക്കീ വിവാഹം വേണ്ടെന്ന് പറഞ്ഞത്’- പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.

പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് പറഞ്ഞതോടെ കല്യാണത്തിനെത്തിയവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഗ്രാമ മുഖ്യന്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇരുകൂട്ടരോടും സംസാരിച്ചെങ്കിലും താന്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. ഇതോടെ പൊലീസ് വരനെയും കൂട്ടരെയും മടക്കി അയക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിവാഹത്തിവായി ഒരുക്കങ്ങള്‍ നടത്തിയതിന്  നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം നാൽബാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker