24.6 C
Kottayam
Friday, March 29, 2024

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; പി സി ജോര്‍ജിന് അഭിവാദ്യവുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍; പ്രതിഷേധിച്ച് പിഡിപിയും

Must read

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. പി സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സംസ്ഥാനനേതാക്കളടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി. പി.സി ജോർജിനു മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുജാഹിദ് ബാലുശേരി, ഫസൽ ഗഫൂർ, ആലപ്പുഴയിലെ കുട്ടി  എന്നിവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 

കെ സുരേന്ദ്രനു പുറമേ പാര്‍ട്ടി നേതാക്കളായ പി കെ കൃഷ്ണദാസിനെയും ശോഭാ സുരേന്ദ്രനെയും പൊലീസ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചു. എ എൻ രാധാകൃഷ്ണനും പാലാരിവട്ടം സ്റ്റേഷനിലുണ്ട്. അതേസമയം, പിഡിപി പ്രവര്‍ത്തകര്‍ പാലാരിവട്ടത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. 

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week