എന്റെ അഭിമുഖങ്ങൾ കണ്ട് സിനിമയ്ക്ക് പോകരുത്, ‘ജയിലർ’ കണ്ടവരുടെ പൈസ തിരികെ തരാം: ധ്യാൻ ശ്രീനിവാസൻ
കൊച്ചി:തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്ന് ധ്യാൻ ശ്രീനിവാസൻ. ചിത്രം പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിനുശേഷം മാത്രമേ ആ സിനിമയ്ക്ക് പോകാവൂ എന്നും ധ്യാൻ പറഞ്ഞു. താൻ നായകനായെത്തിയ ‘ജയിലർ’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയാറാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയവേ തമാശ രൂപേണ ധ്യാന്‍ പറയുകയുണ്ടായി. ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘‘പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ? ഒരു പാർട് ടൈം ആക്ടറായാണ് ഞാന്‍ എന്നെത്തന്നെ കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്മെന്റ്സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാൻ. സംവിധായകനാകാൻ സിനിമയിൽ വന്ന ആളാണ്.
കൊറോണയുടെ സമയത്ത് എനിക്ക് കുറച്ച് ആകുലതകൾ ഉണ്ടായിരുന്നു. ഇനി സിനിമ ഉണ്ടാകില്ലേ എന്നു വരെ ചിന്തിച്ചു. ആ സമയത്ത് ഞാൻ കുറേ സിനിമകളില്‍ കരാർ ഒപ്പിട്ടു. ആ കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീർത്തുകൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നിൽ ബന്ധപ്പെട്ടു നിൽക്കുന്നവരുടേതുമായ സിനിമകളാണത്. മിക്കതും തുടക്കക്കാരുടെ സിനിമകളാണ്.
പലപ്പോഴും ഒരു പ്രൊഡക്‌ഷൻ ഹൗസാണ് സിനിമ ചെയ്യാൻ തയാറായി നമ്മുടെ മുന്നിൽ വരുന്നത്. ഈ സിനിമയാണെങ്കിൽപോലും ഇതിന്റെ നിർമാതാക്കൾ കഥ കേട്ട് അവർക്ക് ഇഷ്ടപ്പെട്ട ശേഷമാണ് ഞങ്ങളുടെ അടുത്തെത്തുന്നത്. ഒരു സിനിമ പരാജയപ്പെട്ടു കഴിഞ്ഞാൽ നടന്റെ പുറത്തേക്കാണ് എല്ലാ ഉത്തരവാദിത്വവും കൊണ്ടുവയ്ക്കുന്നത്. ഇതൊരു കൂട്ടായ്മയാണ്. ഒരു സിനിമ വിജയച്ചില്ലെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം നിർമാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടൻ വരുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായി പുഷ് ചെയ്തത് ‘ഉടൽ’ എന്ന സിനിമയാണ്. ആ സിനിമയ്ക്ക് ഒരു ക്വാളിറ്റിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനു ശേഷം ഞാൻ പുഷ് ചെയ്യാൻ പോകുന്ന സിനിമയായിരിക്കും ‘നദികളിൽ സുന്ദരി യമുന’.
അതിനിടയിൽ കുറേ മോശം സിനിമകൾ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുണ്ട്. കണ്ണടച്ച് കരാർ ഒപ്പിട്ട സിനിമകളുണ്ട്. അതൊക്കെ ഓടില്ലെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിൽ സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. കൃത്യമായ കരിയര്‍ പ്ലാനില്ലാതെ നടനായ ആളാണ് ഞാൻ. ആക്ടിങിൽ ഇപ്പോഴും എനിക്കൊരു കരിയർ പ്ലാൻ ഇല്ല. അല്ലെങ്കിൽ ഇത്രയും സിനിമകൾ ഞാൻ പൊട്ടിക്കുമോ?
വലിയൊരു നടനായി പേരെടുക്കണമെന്ന ആഗ്രഹവും എനിക്കില്ല. പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരുണ്ടാകും. അതിനുത്തരം ഞാൻ പറയാം. ഞങ്ങൾക്കൊരു പ്രൊഡക്‌ഷൻ ഹൗസ് ഉണ്ട്. വേണമെങ്കിൽ മൂന്ന് മാസം പ്രി പ്രൊഡക്‌ഷൻ ചെയ്ത് കഥ തയാറാക്കി ഒരു സിനിമ നിർമിച്ച് എളുപ്പത്തിൽ വിൽക്കാൻ കഴിയും. ഒരു വർഷത്തിൽ ഞാൻ അഭിനയിച്ച് ഉണ്ടാക്കുന്ന പൈസ മൂന്ന് മാസത്തിനുള്ളില്‍ സിനിമ നിർമിച്ച് ഉണ്ടാക്കാം. എനിക്ക് പക്ഷേ വർക്ക് ചെയ്യാനാണ് താൽപര്യം.
2017 കഴിഞ്ഞ് 2020 ലാണ് ഞാൻ സിനിമ െചയ്യുന്നത്. കൊറോണ സമയത്ത് വീട്ടിലിരുന്നിരുന്ന് മടുപ്പ് വന്നപ്പോൾ എടുത്ത തീരുമാനമാണ് തുടര്‍ച്ചയായി സിനിമ ചെയ്യുക എന്നത്. ആ തീരുമാനത്തിന്റെ പുറത്താണ് ഇത്രയും സിനിമകൾക്ക് കരാർ ഒപ്പിടുന്നത്. അതിൽ നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. ഇവരൊക്കെ എന്തിനാണ് എന്നെ വച്ച് ഇനിയും സിനിമ എടുക്കുന്നതെന്ന സംശയവും എന്റെ ഉള്ളിലുണ്ട്.
എന്റെ അഭിമുഖങ്ങൾ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും, ആ സിനിമ ഓടുമോ ഇല്ലെയോ എന്ന ക്ലൂ ഞാൻ അഭിമുഖങ്ങളിൽ ഇട്ടിട്ടുണ്ടാകും. ഈ സിനിമ ഞാന്‍ കണ്ടതാണ്, ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് ഉണ്ട്, സെക്കൻഡ് ഫാഹ് എൻഗേജിങ് ആണ് ക്ലൈമാക്സ് നല്ലതും. ഇതാണ് എന്റെ റിവ്യൂ.
ഒരു ജനത മുഴുവൻ എന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിമുഖങ്ങൾ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത്. അങ്ങനെ കണ്ടിട്ട് പലരും പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. ‘ജയിലർ’ കണ്ടവരുടെ കാശ് തിരിച്ചുകൊടുക്കാൻ ഞാൻ തയാറാണ്. അഭിമുഖങ്ങളിലൂടെയാണ് എന്നെ ആളുകൾ സ്നേഹിച്ചു തുടങ്ങിയത്. കൃത്യമായി നിരൂപണങ്ങൾ നോക്കിയ ശേഷം മാത്രം സിനിമയ്ക്ക് പോകുക. ഇപ്പോൾ തിയറ്ററിൽ നിന്നു തന്നെ സിനിമകളുടെ പ്രതികരണങ്ങൾ അറിയാമല്ലോ, പിന്നെ എന്തിനാണ് പോകുന്നത്. ഇഷ്ടം കൊണ്ടുപോകണോ, പോകരുത്.
ആർക്കും എന്റെ അടുത്ത് കഥ പറയാൻ വരാം. മലയാള സിനിമയിൽ വളരെ എളുപ്പത്തില്‍ എത്താൻ കഴിയുന്ന നടന്മാരില്‍ ഒരാളായിരിക്കും ഞാൻ. കുറച്ച് മുന്നോട്ടു ചിന്തിക്കുന്ന ഒരാളാണ് ഞാൻ. സിനിമ ഒരുപാട് മാറുന്നുണ്ട്, പ്രേക്ഷകരും. കഴിഞ്ഞ രണ്ട് വർഷം മുന്നേ റിലീസ് ചെയ്ത സിനിമകളെയും ആളുകൾ മോശം പറയാറുണ്ട്, പ്രകൃതി പടങ്ങളെന്നാണ് അവയെ വിളിക്കുന്നത്. ഞാനൊരു കഥ ആലോചിച്ചു, അത് കുറേ വർഷം മനസ്സിൽ കൊണ്ടുനടന്നു. പക്ഷേ ആ ട്രെൻഡ് മാറുന്നു.
ആ സീസണിൽ എന്താണോ വേണ്ടത് ആ സീസണു വേണ്ട കഥകളും സിനിമകളും ചെയ്യുക. എന്നെ ഒരു ഒന്നുരണ്ട് വർഷം അഭിനയത്തിലെ എന്റെ സീസൺ സഹിച്ചാൽ മതി. അതു കഴിഞ്ഞാൽ ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഉറപ്പായും, ക്യാമറയ്ക്കു പുറകിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ കമ്മിറ്റ്െമന്റ്സ് തീർത്തു കഴിഞ്ഞാൽ എന്നന്നേക്കുമായി അഭിനയത്തിൽ നിന്നും വിട പറയുന്നതായിരിക്കും.
ഏതെങ്കിലും രീതിയിൽ ചെറുപ്പക്കാർക്കിടയിൽ ഓളമുണ്ടാക്കാൻ പറ്റുന്ന സിനിമകളാണ് ഇന്ന് തിയറ്ററിൽ ഓടുന്നത്. നാട്ടിൻപുറം, ഫാമിലി, ഡ്രാമ സിനിമകൾ തിയറ്ററിൽ പോയി കാണാൻ ഇപ്പോൾ ആർക്കും ആഗ്രഹമില്ല. രോമാഞ്ചം, മധുര മനോഹര മോഹം തുടങ്ങിയ സിനിമകളൊക്കെ ഉദാഹരണങ്ങളാണ്. മധുര മനോഹര മോഹം ഇറങ്ങിയ സമയത്ത് വേറെ വലിയ സിനിമകളൊന്നും റിലീസാകാതിരുന്നത് ഗുണമായി. കൊറോണ ധവാനും ഇറങ്ങിയ സമയത്ത് നല്ല അഭിപ്രായം കിട്ടിയതാണ്. അതിന്റെ കഥ ഞാൻ കേട്ടിരുന്നു, പക്ഷേ ചെയ്യാൻ പറ്റിയില്ല. പൊതുവേ നല്ല സിനിമകളൊന്നും ഞാൻ ചെയ്യാറില്ല. ആ സിനിമയും വലിയ സിനിമകളുടെ ഇടയിൽ പെട്ടുപോയി. ആളുകൾ ഒന്നറിഞ്ഞു തുടങ്ങി വരുമ്പോഴേക്കും ഒരു വലിയ റിലീസ് വരുമ്പോൾ തഴയപ്പെടുന്നു. അതാണ് ചെറിയ സിനിമകൾക്ക് സംഭവിക്കുന്നത്.
കെജിഎഫും ബീസ്റ്റും മാത്രം റിലീസ് ചെയ്ത വിഷുക്കാലമുണ്ടായിരുന്നു. കാലം മാറി, പ്രേക്ഷകർക്ക് അതാണ് വേണ്ടത്. വലിയ ബജറ്റുള്ള സിനിമകൾക്കാണ് ഇന്ന് തിയറ്ററിൽ ആളുകളുള്ളൂ. രോമാഞ്ചം സിനിമ 35 ന് മുകളിലുള്ളവർക്ക് ഒടിടിയിൽ വര്‍ക്ക് ആയില്ല. പക്ഷേ ചെറുപ്പക്കാർക്ക് ഇഷ്ടപ്പെട്ടു. വലിയ കഥയൊന്നുമില്ലെങ്കിലും പ്രേക്ഷകരുമായി കണട്ക് ചെയ്യാനുള്ള സംഭവങ്ങൾ ആ സിനിമയിലുണ്ടായിരുന്നു.
എല്ലാ സിനിമകൾക്കും ഒരു യുഎസ്പി ഉണ്ടാകും. അതാണ് നമ്മൾ കണ്ടെത്തേണ്ടത്. നല്ലൊരു പ്രണയ സിനിമ നമുക്ക് മിസ് ചെയ്യുന്നുണ്ട്. 18നും 25നും ഇടയിലുള്ള കുട്ടികളുടെ അടുത്ത് ചെന്നിട്ട് ‘ഹൃദയം’ ഭയങ്കര ക്രിഞ്ച് സിനിമയാണെന്നു പറഞ്ഞാൽ അവർ നമ്മളെ അടിച്ച് ഓടിക്കും. 30 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയത്തിലെ പല സീൻസും ക്രിഞ്ച് ആണ്. അതിനെ പരിഹസിച്ചവരുണ്ട്. എല്ലാ കാലത്തും അവർക്ക് സെലിബ്രേറ്റ് ചെയ്യാൻ ഒരു ക്യാംപസ് സിനിമ ഉണ്ടായിരുന്നു. എന്റെ കാലത്ത് ക്ലാസ്മേറ്റ്സ് വന്നു.
ഈ തലമുറയിൽ അവർക്ക് ആഘോഷിക്കാൻ പറ്റിയ ക്യാംപസ് സിനിമയായി വന്നത് ‘ഹൃദയം’ മാത്രമാണ്. അതുകൊണ്ട് അവർ ആഘോഷിച്ചു. എനിക്കും ഹൃദയത്തിലെ പല ഭാഗങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. ജനറേഷൻ ഗ്യാപ്പ് എന്നത് സത്യമാണ്, ആ ഗ്യാപ്പ് വന്നു കഴിഞ്ഞു. നമ്മൾ താരതമ്യം ചെയ്യുന്നത് ഇതിനു മുമ്പുള്ള സിനിമകളുമായാണ്. ആർക്ക് എന്താണ് ഇഷ്ടപ്പെടുന്നതെന്ന് കൃത്യമായി തരംതിരിക്കേണ്ടി വരും. ‘പ്രേമം’ സിനിമ ഇഷ്ടപ്പെടാത്ത എത്രയോ ആളുകളുണ്ട്.
ഇന്നത്തെ ഓഡിയൻസ് ചെറുപ്പക്കാരാണ്. അവരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമ ഇറക്കിയില്ലെങ്കിൽ തിയറ്ററില്‍ കാണാൻ ആളുണ്ടാകില്ല.’’–ധ്യാൻ ശ്രീനിവാസന്‍ പറഞ്ഞു.