KeralaNews

അപകടമരണമല്ല, കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നത്;ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: ഇലക്ട്രിക് കാറിടിച്ച് സൈക്കിൾ യാത്രികനായ പത്താംക്ലാസുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ കാറിടിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപ്പൂർവമുള്ള നരഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സംഭവത്തിൽ  കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന്(41) എതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസ്. എന്നാൽ മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നരഹത്യക്ക് കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ,  കുട്ടിയുടെ അകന്നബന്ധുവായ പ്രിയരഞ്ജനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

30ന് ആണ് പുളിങ്കോട് ക്ഷേത്രത്തിനു സമീപം വച്ച് പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകൻ ആദിശേഖർ(15) ബന്ധുവായ യുവാവ് ഓടിച്ച ഇലക്ട്രിക് കാറിടിച്ച് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. വിദ്യാർഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു ദൃശ്യത്തിലുണ്ട്. സംഭവ സ്ഥലത്തു തന്നെ വിദ്യാർഥി മരിച്ചു. 

അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകി. ഇയാൾ ഓടിച്ചിരുന്ന കാർ പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

അപകടം അവിചാരിതമെന്ന് കരുതുന്നില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇന്നലെ രക്ഷിതാക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇതിനു ബലമേകുന്നതാണ് സിസിടിവി ദൃശ്യങ്ങൾ. തുടർന്നാണ് കൊലക്കുറ്റത്തിനു കേസെടുത്തത്. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചു. ഇത് ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker