നടുവേദനയുമായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയോട് വസ്ത്രമഴിക്കാന്‍ പറഞ്ഞ് ഡോക്ടര്‍

പനാജി: ഭര്‍ത്താവിനൊപ്പം നടുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം നടന്നത്. അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

നടുവേദനയുമായി യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടുവേദനയുടെ കാര്യം ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ യുവതിയോട് വസ്ത്രമഴിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പീഡന ശ്രമം നടന്നതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയും തുടര്‍ന്ന് ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ കാറില്‍ കയറി ഡോക്ടര്‍ സ്ഥലം വിടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.