തൊണ്ടിമുതലിലെ കള്ളനാവാന്‍ വേണ്ടി ആദ്യം ആലോചിച്ചിരുന്നത് ഫഹദിനെയല്ല ഈ നടനെ; ദിലീഷ് പോത്തന്‍
2018ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഫഹദ് ഫാസിലിന് നേടിക്കൊടുത്ത ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. നടന്‍ കൂടിയായ ദിലീഷ് പോത്തന്റെ സംവിധാന സംരംഭത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതല്‍.
തൊണ്ടിമുതലില്‍ കള്ളന്റെ വേഷം ചെയ്യാന്‍ വേണ്ടി ഫഹദിന് മുമ്പ് ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നത് സൗബിന്‍ ഷാഹിറിനെയായിരുന്നെന്നും എന്നാല്‍ സൗബിന്‍ സംവിധാനം ചെയ്ത പറവ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം അത് പിന്നീട് മാറി ചിന്തിക്കുകയായിരുന്നെന്നുമാണ് ദിലീഷ് പറയുന്നത്.
അമിത് ചക്കാലക്കല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ജിബൂട്ടിയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. ‘സൗബിനെ ഞാന്‍ തൊണ്ടിമുതലില്‍ ഫഹദിന്റെ ക്യാരക്ടറിന് വേണ്ടി ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നു. പറവ സിനിമയുടെ ഷൂട്ട് കാരണമാണ് അത് പിന്നീട് മാറി ആലോചിച്ചത്,” ദിലീഷ് പോത്തന്‍ പറഞ്ഞു.
സൗബിന് ഇത് പിന്നീട് ഒരു നഷ്ടമായി തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല, സൗബിന്‍ ആ സമയത്ത് പറവ ചെയ്തു, ഒരു സിനിമ ഉണ്ടായില്ലേ എന്നായിരുന്നു ദിലീഷ് നല്‍കിയ മറുപടി.
ഡിസംബര്‍ 31നാണ് ജിബൂട്ടി റിലീസ് ചെയ്യുന്നത്. അമിത് ചക്കാലക്കലിനും ദിലീഷ് പോത്തനും പുറമെ ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.