പോലീസ് ഓഫീസര്‍മാരുടെ കുടല്‍ വിറയ്ക്കും, കുടുംബത്ത് കേറി നിരങ്ങും; പോലീസ് സ്റ്റേഷനുള്ളില്‍ വീഡിയോ പകര്‍ത്തി സ്റ്റാറ്റസിട്ട രണ്ട് പേര്‍ വീണ്ടും അറസ്റ്റില്‍

കാക്കനാട്: പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്റ്റേഷനകത്ത് ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കല്‍ മുഹമ്മദ് റംനാസ് (21), ചാലയില്‍ അയൂബ് (26) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ 12നു രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മുണ്ടംപാലം കളപ്പുരയ്ക്കല്‍ മുഹമ്മദ് റാഫിയെ (21) മര്‍ദിച്ച കേസിലെ പ്രതികളാണിവര്‍. ഈ കേസില്‍ കോടതി നിര്‍ദേശപ്രകാരം ജാമ്യമെടുക്കാനെത്തിയ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ചെലവഴിച്ച സമയത്താണു പോലീസ് കാണാതെ സ്റ്റേഷനകത്തും പുറത്തും വെച്ച് ഈ വീഡിയോ ഷൂട്ട് ചെയ്തത്.

അയൂബ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വരുന്ന രംഗം റംനാസ് ഷൂട്ട് ചെയ്ത ശേഷം സിനിമാ സംഭാഷണം ചേര്‍ത്തു പ്രചരിപ്പിക്കുകയായിരുന്നു.”പോലീസ് ഓഫിസര്‍മാരുടെ കുടല്‍ വിറയ്ക്കും, പിടിച്ചകത്തിട്ടാല്‍ നാലാം ദിവസം ഇറങ്ങിപ്പോരും, എന്നിട്ട് കുടുംബത്തു കേറി നിരങ്ങും” എന്ന സംഭാഷണം ചേര്‍ത്താണു പ്രതികള്‍ വാട്സ്ആപ്പില്‍ വീഡിയോ സ്റ്റാറ്റസ് ഇട്ടത്.

ദൃശ്യം പ്രചരിച്ചതോടെ സ്പെഷല്‍ ബ്രാഞ്ച് പോലീസാണു സംഭവം ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നായിരുന്നു എസ്ഐ വിവി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രതികളുടെ അറസ്റ്റ്. ചിത്രീകരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. അയൂബിനെതിരെ റൂറല്‍ പരിധിയില്‍ വേറെയും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News