‘ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കും’; കണ്ണൂർ വി.സി യ്ക്ക് വധഭീഷണി കത്ത്
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ് കണ്ണൂർ വിസിക്ക് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്‍റെ പേരിലുള്ള കത്തിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.
അതേസമയം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ച ശേഷം വിവാദം തണുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്. ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷിക്കും നോട്ടീസ് നല്‍കും. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നിയമനം നിയമപരമാണോയെന്ന് സർക്കാരും സർവകലാശാലയും കൂടി മറുപടി നൽകണം. കോ വാറന്‍റോ ഹർജിയായതിനാൽ വൈസ് ചാൻസലർക്ക് നോട്ടീസ് നൽകേണ്ടെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ടായിരുന്നു.
കണ്ണൂർ വി സി ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനത്തിൽ ചട്ടലംഘനമില്ല എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിലെ അപ്പീലെത്തിയത്. 60 വയസെന്ന പ്രായപരിധി ചട്ടം ലംഘിച്ചെന്നും സേർച്ച് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് പുനർ നിയമനമെന്നുമാണ് ഹർജിയിലുളളത്. പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചാൻസർലർ കൂടിയായ ഗവർണർക്കും, സർക്കാരിനും സർവകലാശാലയ്ക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചത്.