പാക്കിസ്ഥാന്‍ പൗരനാവാന്‍ അപേക്ഷ നല്‍കി പ്രമുഖ വിന്‍ഡീസ് ക്രിക്കറ്റ് താരം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യയില്‍ കത്തിപ്പടരുമ്പോള്‍പാകിസ്ഥാന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച് വിന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റര്‍ ഡാരന്‍ സമി. അധികം താമസിയാതെ താരത്തിന് പാകിസ്ഥാന്‍ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ പെഷവാര്‍ സാല്‍മിയാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിച്ചത്.

പാകിസ്ഥാനില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരംകൂടിയാണ് ഡാരന്‍ സമി. 2017 ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിനായി പാകിസ്ഥാനിലെത്തിയ ചുരുക്കം ചില വിദേശ താരങ്ങളില്‍ ഒരാളാണ് സമി. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഡാരന്‍സമി.

രണ്ട് ടി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച ഈ മുപ്പത്തിയാറുകാരന്‍ കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ച് സീസണുകളുടേയും ഭാഗമായിട്ടുള്ള സമി പാകിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ താല്പര്യം കാണിച്ച ആദ്യ താരങ്ങളില്‍ ഒരാളുമാണ്.