സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ഒഴിവാക്കാനാകാതെ സാഹചര്യങ്ങളാലും ലോജിസ്റ്റിക്സ് പ്രശ്നങ്ങളാലും പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഏജൻസി നൽകിയ വിശദീകരണം.
യു.ജി.സി-നെറ്റ് ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചോദ്യപേപ്പറുകൾ ഡാർക്ക് നെറ്റിലൂടെയും സാമൂഹികമാധ്യമ പ്ലാറ്റ് ഫോമിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ടുചെയ്തു. ചോദ്യപേപ്പർ ചോർച്ചയിൽ ചില കോച്ചിങ് സെന്ററുകൾക്കും പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിബിഐ.
ഓരോർത്തരിൽനിന്നും 5000 മുതൽ 10000 രൂപവരെ ഈടാക്കിയാണ് സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമായ ടെലഗ്രാമിലൂടെ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. ടെലഗ്രാമിലൂടെ 10000 രൂപയ്ക്ക് ചോദ്യപേപ്പറുകൾ വിൽക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്. പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പ് വിവിധ ടെലഗ്രാം ഗ്രൂപ്പുകളിൽ ചോദ്യപേപ്പറുകൾ ലഭ്യമായിരുന്നു എന്നാണ് അറിയുന്നത്. ഈ ഗ്രൂപ്പുകളെ അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
യു.ജി.സി- നെറ്റ് ചോദ്യപ്പേപ്പര്‍ ഡാര്‍ക്‌നെറ്റില്‍ ചോര്‍ന്നതിനാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. ടെലഗ്രാമില്‍ ചോദ്യപ്പേപ്പര്‍ പ്രചരിച്ചെന്നും ഇതുമായി യഥാര്‍ഥ ചോദ്യപ്പേപ്പറിന് സാമ്യമുണ്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചിരുന്നു.
ജൂണ്‍ 18-ന് നടത്തിയ പരീക്ഷ ബുധനാഴ്ച രാത്രിയാണ് റദ്ദാക്കിയത്. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ബുധനാഴ്ച ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
11,21,225 പേരാണ് യു.ജി.സി. നെറ്റിന് അപേക്ഷിച്ചത്. 9,08,580 പേര്‍ പരീഷയെഴുതാനെത്തി. 83 മാനവിക വിഷയങ്ങളില്‍ 1205 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ 81 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതിയതായി യു.ജി.സി. ചെയര്‍പേഴ്സണ്‍ എ. ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു.
സര്‍വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസര്‍’ തസ്തികയിലേക്കും ‘ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിര്‍ണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ അടുത്തിടെയാണ് ഒ.എം.ആര്‍.എം. രീതിയിലേക്ക് മാറ്റിയത്.