സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്; ഇന്ന് 1494 പേർക്ക് കൊവിഡ്, കൂടുതൽ രോഗികൾ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ഇന്ന് 1494 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 439 പേർക്കാണ് ജില്ലയിൽ രോഗബാധ ഉണ്ടായത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. ഇവിടെ 230 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് 12 പേർക്ക് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ഒമിക്രോൺ ബി.എ 4 നാലുപേർക്കും ബി.എ 5 എട്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയിൽ ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവർ 12 പേരും ആശുപത്രി വിട്ടിട്ടുണ്ട്. എന്നാൽ ഇവർ വീടുകളിൽ സമ്പർക്ക വിലക്കിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 21നും 26നും ഇടയിൽ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങൾ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ബാധിച്ചിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.രോഗബാധിതരായ 12 പേരും ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വീടുകളിൽ സമ്പർക്ക വിലക്കിൽ തുടരും.രാജ്യത്ത് ഇന്ന് 4512 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ.