എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ 32 ശതമാനം പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരില്‍ എട്ടു പേരും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍. ആകെ രോഗികളില്‍ 32% പേരാണ് രോഗലക്ഷണങ്ങളില്ലാതെ പോസിറ്റിവ് ആയതെന്ന് ജില്ലാ സര്‍വൈലന്‍സ് വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൂന്നാറില്‍ നിന്നു വന്ന ബ്രിട്ടീഷ് യാത്രാ സംഘത്തിലെ ആദ്യം പോസിറ്റീവ് ആയ വ്യക്തിയൊഴികെ ബാക്കി 6 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഓരോരുത്തരും, അവരോട് നിര്‍ദേശിച്ചിട്ടുള്ള ദിവസങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകളോടെ വീടുകളില്‍ തന്നെ കഴിയണമെന്നത് രോഗ പ്രതിരോധത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്നു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ (മറ്റു ജില്ലയില്‍ സ്ഥിരീകരിച്ചവര്‍ ഉള്‍പ്പടെ) സമ്ബര്‍ക്ക പട്ടികയില്‍ ഇത് വരെ കണ്ടെത്തിയത് 2,302 പേരെയാണ്. ഇതില്‍ 1041 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആണ്. ഇതില്‍ 4 പേര്‍ക്ക് മാത്രമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ കോവിഡ് ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈന്‍ സേട്ടുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്.
പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരുമായി സമ്ബര്‍ക്കം ഉണ്ടായിട്ടുള്ളവര് ഉള്‍പ്പെടുന്ന രണ്ടാംനിര പട്ടികയില്‍ ഉണ്ടായിരുന്ന 1261 പേരില്‍ ആര്‍ക്കും തന്നെ രോഗം ബാധിച്ചില്ല. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 25 പേരില്‍ 12 പേര്‍ മാത്രമാണ് എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവരില്‍ 7 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 5 പേര്‍ കണ്ണൂര്‍ ജില്ലക്കാരും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.
കേരളത്തിന് പുറമെ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചവരില്‍ 7 ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെ 9 പേര്‍ എത്തിയത് ബ്രിട്ടനില്‍ നിന്നും, 2 പേര്‍ ഫ്രാന്‍സില്‍ നിന്നും, 5 പേര്‍ യു.എ.ഇ യില്‍ നിന്നും, 3 പേര്‍ ഇറ്റലിയില്‍ നിന്നുമാണ്. ഇവര്‍ക്കെല്ലാം തന്നെ ജില്ലയിലെത്തി 14 ദിവസത്തിനകം തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.