കരിഞ്ചെള്ളുകള്‍ വീട് കൈയ്യേറി; താമസം മാറ്റി വീട്ടുകാര്‍

കൊല്ലം: കരിഞ്ചെള്ളുകള്‍ വീട് കയ്യേറിയതോടെ നിവര്‍ത്തിയില്ലാതെ താമസം മാറി വീട്ടുകാര്‍. വെണ്‍മണ്ണൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ രാഘവന്‍പിള്ളയുടെ കുടുംബമാണ് ചെള്ളുകളുടെ ശല്യം മൂലം താമസം മാറ്റിയത്. രാത്രിയിലെ ഉറക്കം മകളുടെ വീട്ടിലേക്കാണ് മാറ്റിയത്.

റബര്‍ കൃഷി വ്യാപകമായ ഇവിടെ വേനല്‍മഴ പെയ്തതോടെയാണ് ചെള്ള് ശല്യം രൂക്ഷമായത്. ഓടിട്ട വീടിന്റെ മച്ചും ഭിത്തികളും ചെള്ളുകള്‍ പൊതിഞ്ഞു. വീടിനുള്ളില്‍ പാചകം ചെയ്തു വയ്ക്കുന്ന ആഹാരത്തിലും ശല്യം രൂക്ഷമായതോടെ പാചകം പുറത്താക്കി. ചെള്ളുകളുടെ ശല്യം കാരണം രാത്രി ഉറങ്ങാനും കഴിയാതെയായി.

പൊറുതി മുട്ടിയതോടെ രാഘവന്‍പിള്ളയും ഭാര്യ ഗോമതിയമ്മയും മകളും കൊച്ചുമകളും അടങ്ങുന്ന കുടുംബം രാത്രിയിലെ ഉറക്കം മറ്റൊരു മകളുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു. പകല്‍സമയത്ത് ചെള്ളിനെ തുരത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കുടുംബം.

മണ്ണെണ്ണയും ഉറുമ്പു പൊടിയും ഒക്കെ പരീക്ഷിച്ചെങ്കിലും കരിഞ്ചെള്ളുകളുടെ ശല്യത്തിന് ഒരു കുറവുമില്ല. വലിയ പാത്രങ്ങള്‍ നിറയെ അടിച്ചു വാരി നശിപ്പിച്ചാലും അടുത്ത ദിവസം ഇരട്ടിയായി തിരിച്ചെത്തും. പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നറിയാതെ തല പുകയ്ക്കുകയാണ് കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News