32.8 C
Kottayam
Friday, May 3, 2024

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ വിതരണം ചെയ്യും

Must read

തിരുവനന്തപുരം: മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാകും യാത്രാ പാസ് നല്‍കുക. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ പാസിന് സാധുതയുണ്ടാവുകയുള്ളു.

നേരത്തെ കളക്ടര്‍മാര്‍ അനുവദിച്ചിരുന്ന പാസുകളാണ് ഇന്ന് മുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കുക. പോലീസിന്റെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃക പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇമെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. എന്ത് കാര്യത്തിനാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കണം. കൂടാതെ എങ്ങോട്ടാണ് യാത്രയെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും പോലീസിനെ അറിയിക്കണം.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണി വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടത്. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കകത്തുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week