നടി മീര മിഥുനിനെതിരെ വീണ്ടും പരാതി; ഷൂട്ടിംഗിനിടയ്ക്ക് ആറ് സഹായികളുമായി ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞു
ചെന്നൈ: നടി മീര മിഥുനിനെതിരെ വീണ്ടും പരാതി. മീര നായികയായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ ഹോട്ടലില്‍ നിന്ന് സഹായികള്‍ക്കൊപ്പം മുങ്ങിയെന്നാണ് പരാതി. ‘പേയെ കാണോം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വ അന്‍പരസനാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന മീര ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടക്കുന്നതിനിടെ ആറ് അസിസ്റ്റന്റുകള്‍ക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും കടന്ന് കളഞ്ഞുവെന്നാണ് സംവിധായകന്റെ പരാതി.
ഹോട്ടല്‍ മുറിയില്‍ നിന്ന് മീരയും സഹായികളും സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ നിന്നും പോയിരിക്കുന്നത്. ഇത് കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നിര്‍മാതാവിന് മീര ഉണ്ടാക്കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ദളിത് ആളുകള്‍ക്കെതിരെ മീര അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.
ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നുമായിരുന്നു നടിയുടെ പരാമര്‍ശം.
തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ കേരളത്തിലേക്ക് കടന്ന ഇവരെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് മീര വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. നേരത്തെയും നിരവധി വിവാദങ്ങളില്‍ മീര ഉള്‍പ്പെട്ടിരുന്നു.
നടന്മാരായ കമല്‍ഹാസന്‍, വിജയ്, സൂര്യ എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ഇവര്‍ രംഗത്ത് എത്തിയിരുന്നു. വിജയ് തനിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നെന്നും സൂര്യയ്ക്ക് സ്വര്‍ണകള്ളക്കടത്തില്‍ പങ്കുണ്ടെന്നുമായിരുന്നു മീരയുടെ ആരോപണം.