‘ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചു’; നടൻ വിനായകനെതിരേ പരാതി
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് സിനിമാനടന്‍ വിനായകനെതിരേ പരാതി. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് നടനെതിരേ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസമായിരുന്നു നടന്‍ വിനായകന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. ”ആരാണ് ഈ ഉമ്മന്‍ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം” എന്നൊക്കെയായിരുന്നു വിനായകന്റെ പരാമര്‍ശം. എന്നാല്‍, ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഈ വീഡിയോ നടന്‍ ഫെയ്‌സ്ബുക്കില്‍നിന്ന് പിന്‍വലിച്ചിരുന്നു.