KeralaNews

കൈപിടിച്ച് നൽകിയത് കളക്ടർ, ആശീർവാദവുമായി മന്ത്രി, കൊല്ലത്തു നടന്ന സർക്കാർ മകളുടെ കല്യാണമിങ്ങനെ

കൊല്ലം:പനമൂട് ദേവീക്ഷേത്രത്തില്‍ ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസറായിരുന്നു.

ചടങ്ങുകളുടെ മേല്‍നോട്ടം മുതല്‍ പെണ്‍കുട്ടിയുടെ കൈ പിടിച്ചു നല്‍കിയതു വരെ കളക്ടര്‍. സര്‍ക്കാരിനു കീഴിലുള്ള ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിനാണ് വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് ജില്ലാ കളക്ടര്‍ എത്തിയത്. വെള്ളിമണ്‍ സ്വദേശി വിധുരാജായിരുന്നു വരന്‍.

തീരെ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല. പതിനെട്ടു വയസു പൂര്‍ത്തിയായതോടെ കൊല്ലത്തെ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റി. ഇപ്പോഴിതാ വിവാഹവും സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെ നടന്നു. വധു വരന്‍മാരെ ആശിര്‍വദിക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണിയും , എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും , എം. നൗഷാദ് എം എല്‍ എയും എത്തി. അബ്ദുല്‍ നാസര്‍ കൊല്ലം ജില്ലാ കലക്ടറായ ശേഷം ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്ന മൂന്നാമത്തെ വിവാഹമാണ് ഇന്നത്തേത്.

കളക്ടര്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം :

“ഒരുപാട് സന്തോഷം നല്‍കിയ ദിനം, ഒപ്പം ആത്മനിര്‍വൃതിയും. ഇന്ന് വളരെ സുന്ദരമായ ഒരു സന്തോഷദിനം.ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ എന്റെ മകള്‍ കുമാരി ഷക്കീലയുടെയും വെള്ളിമണ്‍ വെസ്റ്റ് വിഷ്ണു സദനത്തില്‍ ശ്രീമതി സതീഭായിയുടെ മകന്‍ വിധുരാജിന്റെയും വിവാഹ സുദിനം.

പനമൂട് ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു ഈ മംഗളകര്‍മ്മം. ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കര്‍മ്മത്തില്‍ പങ്കു കൊണ്ടത്. നവദമ്ബതികള്‍ക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാന്‍ ആവട്ടെ എന്നു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.ഈ ജില്ലയില്‍ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകര്‍ത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം.

പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവര്‍കള്‍, ശ്രീ പ്രേമചന്ദ്രന്‍ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു MLA, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രന്‍, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവര്‍ നേതൃത്വം വഹിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker